students-made-product-for-body-temperature

സ്കൂളുകൾ അടച്ചിട്ട കോവിഡ് കാലം പഠനത്തിന് മാത്രമല്ല  കണ്ടുപിടുത്തങ്ങൾക്കും കൂടി ഉപയോഗിക്കുകയാണ് വിദ്യാർത്ഥികൾ. ശരീരോഷ്മാവ് അളക്കാനും സാനിറ്റൈസർ വിതരണത്തിനുമുള്ള ഓട്ടോമാറ്റിക് മെഷീൻ നിർമിച്ചിരിക്കുകയാണ് വൈക്കത്തെ വിദ്യാർഥികൾ.  വടയാർ ഇൻഫന്റ് ജീസസ് സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളാണ് കണ്ടുപിടിത്തത്തിനു പിന്നിൽ.

കോവിഡ് കാലത്ത് സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും മുന്നിൽ ശരീര ഉഷ്മാവ് നോക്കാൻ ഇനിആളു വേണ്ട. അതുൽ കൃഷ്ണ, ഏയ്ജൽ മരിയ, കീർത്തി, ഷാരോൺ സജി, അഗാസി വർഗ്ഗീസ് എന്നിവരുടേതാണ് ഈ കണ്ടുപിടുത്തം.  കേന്ദ്ര സർക്കാർ പദ്ധതിയായ അടൽ ടിങ്കറിങ് ലാബ് ഇൻസ്ട്രക്ടർ ജിത ഗോപിനാഥാണ് വേണ്ട മാർഗനിർദേശങ്ങൾ നൽകിയത്.  ഗുഗിൾ മീറ്റ് ക്ലാസ്‌ വഴിയാണ് ഇവർ വീട്ടിലിരുന്ന് യന്ത്രത്തിന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് നടത്തിയത്. 

തുടർന്ന് സ്കൂളിലെ ടിങ്കറിങ് ലാബിലെത്തി സർക്യൂട്ട്, ഹാർഡ് വെയർ പണികളും പൂർത്തിയാക്കി. രണ്ട് മാസംകൊണ്ട് മെഷീന്റെ നിർമാണം പൂർത്തിയായി. നാലായിരം രൂപ നിർമാണത്തിന്  ചെലവായി. കുട്ടികളുടെ കണ്ടുപിടുത്തം നാടും ഏറ്റെടുത്തു. അടൽ ടിങ്കറിങ് ലാബിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റ് നിർമ്മിച്ച് ദേശിയ തലത്തിലെ മികച്ച 100 സ്കൂളുകളുടെ പട്ടികയിൽ  ഇൻഫന്റ് ജീസസ് സ്കൂൾ ഇടം നേടിയിട്ടുണ്ട്.