cargo

തുമ്പ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലേക്കുള്ള ഭീമന്‍ കാര്‍ഗോയുടെ യാത്ര പുനരാരംഭിക്കുന്നു. കഴക്കൂട്ടം ബൈപ്പാസിലെ മേല്‍പ്പാലത്തിന്റെ ഉയരക്കുറവ് മൂലം തടസപ്പെട്ട യാത്രയാണ് വീണ്ടും തുടങ്ങുന്നത്. നാളെയും മറ്റന്നാളും ആക്കുളം, ചാക്ക, വേളി ഭാഗങ്ങളില്‍ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടേക്കും.

കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്തില്‍ ഏറ്റവും ഉയരം കൂടിയ കാര്‍ഗോയാണ് ഈ കിടക്കുന്നത്. ഐ.എസ്.ആര്‍.ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്ന് വരികയാണ്. ഏഴര മീറ്ററുണ്ട് പൊക്കം. 96 ചക്രങ്ങള്‍, 128 ടണ്‍ ഭാരം, പോകുന്ന വഴിയിലെ വൈദ്യുതി കമ്പികള്‍ മാറ്റിയും മരച്ചില്ലകളടക്കം തടസങ്ങളെല്ലാം വെട്ടിക്കളഞ്ഞും ഗതാഗത നിയന്ത്രിച്ചും ദുഷ്കരമാണ് മുന്നോട്ടുള്ള ഓരോ ചുവടും. മുംൈബയില്‍ നിന്ന് കപ്പലില്‍ 18ന് കൊല്ലത്തെത്തി, അന്ന് മുതല്‍ റോഡിലൂടെ പതുക്കെ നീങ്ങിത്തുടങ്ങിയതാണ്. പക്ഷെ കഴക്കൂട്ടത്തെ ദേശീയപാതയില്‍ യാത്ര വഴിമുട്ടി.

ഫൂട് ഓവര്‍ബ്രിഡ്ജിന് പൊക്കം കുറവായതിനാല്‍ മൂന്ന് ദിവസമായി അനങ്ങാതെ കിടക്കുകയാണ്. സമീപത്തെ സര്‍വീസ് റോഡ് ശരിയാക്കി അതുവഴി യാത്ര തുടരാനാണ് ഇനി കണ്ടെത്തിയിരിക്കുന്ന പോംവഴി.

രാവിലെ ആറിന് ആക്കുളത്തിനടുത്ത് വെട്ടുറോഡില്‍ നിന്ന് യാത്ര തുടങ്ങും. നേരെ ചാക്ക ജങ്ഷനിലെത്തി ഓള്‍സെയിന്റ്സ് കോളജിന് മുന്നിലൂടെ വേളി വഴി കനാല്‍ ഗേറ്റും കടന്ന് തുമ്പ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിേലക്ക്. ഒരു ദിവസം എട്ട് കിലോമീറ്റര്‍ വീതം യാത്ര ചെയ്ത് ഞായറാഴ്ച വൈകിട്ടാകും ഐ.എസ്.ആര്‍.ഓയിലെത്താന്‍. വേളി പാലത്തിന് വലിപ്പക്കുറവായതിനാല്‍ പാലത്തിന്റെ കൈവരി പൊളിച്ചേക്കും. മറ്റ് വഴികളിലെല്ലാം വൈദ്യുതി ഓഫ് ചെയ്യും. അതിനാല്‍ രണ്ട് ദിവസം ഈ ഭാഗത്തെ ഗതാഗതവും വൈദ്യുതിയും ഭാഗികമായി തടസപ്പെടും.