സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി കയറ്റം. ഐഫോൺ 10X ഉപയോഗിച്ച് ഹിമാലയൻ ചാരുത ഒപ്പിയെടുത്ത മിടുക്കിന് ചന്ദ്രു സെൽവരാജിനും നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിംഗ് മികവിന് ലിജു പ്രഭാകറിനുമാണ് അവാർഡുകൾ ലഭിച്ചത്.
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത "കയറ്റം" അപകടകരമായ ഹിമാലയൻ പർവതപാതകളിൽ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചിൽ രീതി. കേവലം ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം.. ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ് , ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ ചന്ദ്രു സെൽവരാജ്, കളറിസ്റ്റ് ലിജു പ്രഭാകർ, ലൊക്കേഷൻ സൗണ്ട് നിവേദ് മോഹൻദാസ്, കലാസംവിധാനം ദിലീപ്ദാസ് തുടങ്ങിയവർ പ്രവർത്തിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രനും ബിനു ജി നായരും ആണ്.