kuttanadu-N

കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായതിനാല്‍ കുട്ടനാട്ടിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് താഴുന്നില്ല. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴിയാത്തതില്‍  ജനങ്ങളുടെ ദുരിതം തുടരുകയാണ്.  വിനോദസഞ്ചാരികളുമായി പോകുന്ന ഹൗസ്ബോട്ടുകള്‍ക്കും ജലനിരപ്പ് ഉയരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പമ്പ,മണിമല,അച്ചന്‍കോവില്‍ തുടങ്ങിയ നദികളിലൂടെ ഒഴുകിയെത്തുന്ന അധികജലമാണ് കുട്ടനാട്ടിലെ ആറുകളിലും തോടുകളിലും വെള്ളം ഉയരുന്നതിന് കാരണമാകുന്നത്.  വേലിയേറ്റം കാരണം വൈകുന്നേരങ്ങളിലാണ് ജലനിരപ്പ്  കൂടുതല്‍ ഉയരുന്നത്. ആറുകളിലും തോടുകളിലും ജലനിരപ്പ് കുറയാത്തതിനാല്‍  താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും വെള്ളക്കെട്ട് ഒഴിയുന്നില്ല.

പലസ്ഥലങ്ങളിലും കഴിഞ്ഞ മേയ് മുതല്‍ വെള്ളം ഒഴിഞ്ഞിട്ടില്ല. പുഞ്ചകൃഷിക്കൊരുക്കിയ പലപാടശേഖരങ്ങളിലും  വീണ്ടും വെള്ളം നിറഞ്ഞു. രണ്ടാം കൃഷിയുടെ കൊയ്ത്തും മഴയും വെള്ളവും മൂലം അവതാളത്തിലായി. വാഴകൃഷിക്കെത്തിച്ച വിത്തുകളും നശിച്ചു.ജലനിരപ്പ് ഉയരുന്നത് ടൂറിസം മേഖലയ്ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഹൗസ്ബോട്ടുകള്‍ക്ക് പാലങ്ങളുടെ അടിയില്‍ കൂടി കടന്നുപോകാന്‍ പ്രയാസം നേരിടുന്നു. സ്കൂളുകള്‍ തുറന്നതോടെ കുട്ടികളുടെ യാത്രാദുരിതവും  ഏറി. കൈനകരി കനകാശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങള്‍ തോമസ് കെ തോമസ് എംഎല്‍എയും ജില്ലാകലക്ടര്‍ എ.അലക്സാണ്ടറും സന്ദര്‍ശിച്ചു. വെള്ളംവറ്റിക്കുന്നതിന് കൂടുതല്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. എസി റോഡിലെ ചിലഭാഗങ്ങളിലെ വെള്ളക്കെട്ടും തുടരുന്നുണ്ട്.