തിരുവനന്തപുരം തെക്കന്‍ മലമേഖലയായ അമ്പൂരിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഇരുപതുവയസ്സ്. ദുരന്തത്തില്‍ പി.ഡി.തോമസ് എന്ന കര്‍ഷകന് നഷ്ടമായത് കുടുംബത്തെ അപ്പാടെയാണ്.ഭാര്യയും മക്കളും ചെറുമക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ മുപ്പത്തൊന്‍പതുപേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. കൊടിയദുരന്തത്തിന്റെ ആഘാതം മറികടന്ന് ജീവിതം തിരികെപ്പിടിച്ച തോമസിന്റെ കഥ കാണാം.
2001 നവംബര്‍ ഒന്‍പത് വെള്ളിയാഴ്ച. കേരളമുഴുവന്‍ നടുങ്ങിയ രാത്രിയായിരുന്നു അത്. നെയ്യാര്‍ഡാമിനും അമ്പൂരിക്കും മധ്യേ കുരിശുമലയുടെ അടിവാരത്തുള്ള വീടുകള്‍ എടുത്തെറിഞ്ഞുകൊണ്ടു ഉരുള്‍പൊട്ടി. അത് തകര്‍ത്തത് സിഡി.തോമസ് എന്ന അന്‍പത്തിരണ്ടുകാരന്റെ കുടുംബത്തെ മുഴുവനാണ്. ഭാര്യ മകന്‍, മകള്‍, മരുമകന്‍, രണ്ടുപേരമക്കള്‍ എന്നിവരും മകന്റെ മനസ്സമ്മതംകൂടാനെത്തിയ അടുത്തബന്ധുക്കളും കണ്മുന്നില്‍ ദുരന്തം കൊണ്ടുപോയി. തോമസ് മാത്രം ശേഷിച്ചു. ആ വിട്ടിലാണ് വീണ്ടും എത്തിയത്. ഈ വീടിന്റെ പിറകുവശത്തെ മലയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍വന്ന ഇടങ്ങള്‍ തോസ് കാണിച്ചുതന്നു.
തോമസിന്റെ ഭാര്യ ലീലാമ്മ, തൊട്ടുപിറ്റേന്ന് മനസ്സമതം കുറിക്കാനിരുന്ന മകന്‍ ബിനു, ചടങ്ങിനുവേണ്ടി പുണെയില്‍ നിന്ന് എത്തിയ മകള്‍ ബീന, ഭര്‍ത്താവ് റോമിയോ, ഇവരുടെ മക്കളായ ഫെലിക്സ് , ലിയോണ്‍ എന്നിവരെ ദുരന്തംകൊണ്ടുപോയി. ഒപ്പം അടുത്ത ബന്ധുക്കളെയും. മുപ്പത്തൊന്‍പതുപേരുടെ മൃതദേഹങ്ങള്‍ കിട്ടി.ഒരാളെ കണ്ടെത്താനായില്ല.സുഹൃത്തുക്കളായിരുന്നു എല്ലാം നശിച്ച് ഒറ്റപ്പെട്ട തോമസിനെ ചേര്‍ത്തുനിര്‍ത്തിയത്.അവര്‍തന്നെ നിര്‍ബന്ധിച്ച് ഒരുപങ്കാളിയെയും കണ്ടെത്തി.
ഈ മേഖലയിലെ പത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എന്നല്‍ തോമസ് എങ്ങുപോകാന്‍ കൂട്ടാക്കിയില്ല. മുന്‍പത്തെ വീടിന്റെ വലിപ്പമില്ലെങ്കിലും നല്ലൊരുവീട് ഇവിടെത്തന്നെ പണിതു. പ്രാര്‍ഥനകള്‍ കരുത്താക്കി.ഇരുപതാണ്ട് പിന്നിടുന്നു.
ഉരുള്‍പൊട്ടലിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും ഉറ്റവരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് സഹോദരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്. പക്ഷേ കാലത്തോടൊപ്പം ജീവിച്ചല്ലേ മതിയാകൂ. അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കരുത്താകട്ടെ സി.ഡി. തോമസിന്റെ ജീവിതം.