amboori

തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പ്പൊട്ടലിന് ശേഷം മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ ഇന്നും തീരാദുരിതത്തില്‍. ഇരുപതുവര്‍ഷമായിട്ടും ഇവര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. വീടുകളും നാശോന്മുഖം. സര്‍ക്കാരോഫീസികള്‍ പലതുകയറിയിറങ്ങിയിട്ടും ഇവരുടെ പരാതികള്‍ക്ക് പരിഹാരമായില്ല.

അമ്പൂരിയില്‍ നിന്ന് മൂന്നരകിലോമീറ്റര്‍ മാറി നെയ്യാറിന്റെ തീരത്തുതന്നെയുള്ള കൂട്ടപ്പൂ അമ്മതയിലെ വീട്ടിലാണ് ഞങ്ങള്‍ ജോസഫിനെ കണ്ടത്.

ഉരുള്‍പൊട്ടലില്‍ എല്ലാംനശിച്ചയാളാണ് കെ. ജോസഫ്. ഇപ്പോള്‍ എണ്‍പത്തിമൂന്ന് വയസ്സായി. ഉരുള്‍പൊട്ടിയ ദിവസം വെണ്ണിയൂര്‍ക്കുളത്ത് ജോലിസ്ഥലത്തായതിനാല്‍ മാത്രം ഇപ്പോള്‍ ജീവനോടെ ശേഷിക്കുന്നു. ദുരന്തം ഭാര്യ ത്രേസ്യാമ്മയെ കൊണ്ടുപോയി. മകനും മകളും അയല്‍പ്പക്കത്തെ വീട്ടിലായിരുന്നുതുകൊണ്ട് രക്ഷപ്പെട്ടു. എണ്‍പത്തിരണ്ട് സെന്റ് സ്ഥലവും അതിലെ വിളകളും വീടും മാടക്കടയും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. മകനും മകളും അമ്പൂരിയിലെ സ്ഥലംവിറ്റ് മാറിപ്പോയി. ജോസഫ് സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ തുടര്‍ന്നു.

ജോസഫിനെപ്പോലെ നെയ്യാര്‍ അണക്കെട്ടിനും അമ്പൂരിക്കും മധ്യേ കുമ്പിച്ചല്‍ കടവിലേക്കുള്ള പാതയുടെ മുകളില്‍ ഉരുള്‍പൊട്ടിയമേഖലയില്‍ നിന്ന് പത്തുകുടുംബങ്ങളെയാണ് ഇവിടേയ്ക്ക് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത്. ഈ വീടുകളിലേക്കുള്ള വഴി അടുത്തകാലത്താണ് കോണ്‍ക്രീറ്റ് ചെയ്തത്. ഏതാനും വര്‍ഷം മുമ്പാണ് കുടിവെള്ളം എത്തിയത്. അതുവരെ ടാങ്കറുകളില്‍ എത്തിക്കുകയായിരുന്നു.നാലുസെന്റ് വീതം സ്ഥലവും ഒറ്റമുറി വീടും. പക്ഷേ പട്ടയമില്ല. കരമടയ്ക്കുന്നുമില്ല. ദുരന്തത്തില്‍പ്പെട്ടവരുടെ അടുത്തതലമുറയാണ് ഈ വീടുകളിലിലേറെയും താമസിക്കുന്നത്. ചിലര്‍ വീടുപേക്ഷിച്ചുപോയി. മറ്റുചിലര്‍ നിസ്സഹായരായി ഇവിടെത്തന്നെ തുടരുന്നു.