വൈവിധ്യ മനോഹര ഗാനങ്ങളിലൂടെ തലമുറകളുടെ മനസ് കീഴടക്കിയ ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് കലാകേരളത്തിന്റെ അശ്രുപൂജ. തിരുവനന്തപുരത്ത് അന്തരിച്ച ബിച്ചു തിരുമലയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. പുലര്‍ച്ചെ രണ്ടരയോടെ ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. രാവിലെ തിരുമല വേട്ടമുക്കില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മന്ത്രിമാരും സംഗീതജ്ഞരും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം നിരവധിപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
വാക്കുകളുടെ വിസ്മയലോകം സൃഷ്ടിച്ച ഗാനരചയിതാവായിരുന്നു ബിച്ചുതിരുമല. ഏതുതരം സംഗീതത്തിനും അദ്ദേഹം വളരെ വേഗം വരികള്‍ ചമച്ചു. മൂന്നുപതിറ്റാണ്ടിലേറെ മലയാള ചലച്ചിത്രഗാനമേഖലയെ മുന്നില്‍ നയിച്ചു അദ്ദേഹം.ഒറ്റക്കമ്പിയിലെ നാദം മതി ബിച്ചുതിരുമലയക്ക് പാട്ടാക്കാന്‍. മലയാളികളുടെ ചുണ്ടിലെ തേനുംവയമ്പുമായിരുന്നു അദ്ദേഹം. 1981 ല്‍ ബിച്ചുവിന് ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ഗാനങ്ങളാണിത്.
സി.ജി ഭാസ്കരന്‍ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1942 ഫെബ്രവരി 13 ന് ജനിച്ച ശിവശങ്കരന്‍ നായരുടെ ചെല്ലപ്പേരായിരുന്നു ബിച്ചു. അത് പിന്നീട് സഹൃദയരുടെ ഓമനപ്പേരായി.യൂണിവേഴ്സിറ്റി കോളജില്‍ ബിരുദപഠനത്തിന് ശേഷം സിനമാമോഹവുമായി മദ്രാസിലേക്ക് വണ്ടികയറി.1970 ല്‍ ശബരിമല ശ്രീധര്‍മ ശാസ്താ എന്ന ചിത്രത്തില്‍ എം. കൃഷ്ണന്‍നായരുടെ സഹായിയായി. പിന്നീട് ഗാനരചനയിലേക്ക് തിരിഞ്ഞു. 1972 ല്‍ ഭജഗോവിന്ദം എന്ന ചിത്രത്തിലൂെടയാണ് തുടക്കം. ചിത്രം പുറത്തിറങ്ങിയല്ലെങ്കില്‍ ഇതിലെ ബ്രാഹ്മമുഹൂര്‍ത്തം എന്ന ഗാനം ഏറെ ശ്രദ്ധനേടി.
നടന്‍ മധു നിര്‍മിച്ച അക്കല്‍ ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. പിന്നീട് മിക്ക സംവിധായകരുടെയും പ്രിയ ഗാനരചയിതാവായി അദ്ദേഹം.അവളുടെ രാവുകള്‍ ജനപ്രിയമാക്കിയതില്‍ ബിച്ചു എഴുതി എ.ടി. ഉമ്മര്‍ ഈണമിട്ട ഈ ഗാനത്തിനും ഒരുപങ്കുണ്ട്. ഫാസില്‍ ചിത്രങ്ങളിലെ ബിച്ചുവിന്റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.
ദേവരാജന്‍,ദക്ഷിണാമൂര്‍ത്തി, ബാബുരാജ് ,ശ്യാം, ജോണ്‍സണ്‍ തുടങ്ങി എല്ലാ സംഗീതസംവിധായകര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു. ചിലപ്പോഴൊക്കെ വാല്‍സല്യത്തിന്റെ നിറവായി അദ്ദേഹം. ജംഗിള്‍ ബൂക്കിന്റെ മലയാളം പതിപ്പിന് അദ്ദേഹം പകര്‍ന്ന വരികള്‍ ഇന്നും ഏറെ ഹൃദ്യം.ഒരര്‍ഥത്തില്‍ വാക്കുകളുടെ സൗന്ദര്യമായിരുന്നു ബിച്ചു.പാട്ടില്‍ കഥയെഴുതുന്നതിലും അദ്ദേഹം പ്രാവീണ്യം തെളിച്ചു.മനസില്‍ നിന്ന് മനസിലേക്കൊരു മൗനസഞ്ചാരം നടത്തിയതിന് 1991 ല്‍ വീണ്ടുമൊരിക്കല്‍ക്കൂടി സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.സിനിമപ്പാട്ടുപോലെ ജനപ്രിയമായ മറ്റുഗാനങ്ങളും ബിച്ചുവിന്റേതായുണ്ട്. അതിലൊന്നുമാത്രമാണ് വസന്ത ഗീതങ്ങള്‍. ഋതുഭേദങ്ങള്‍ പോലെ മാറിമറിയുന്ന സകല മാനുഷികഭാവങ്ങളും പാട്ടിലൊതുക്കി, നമ്മളുടെ ഹൃദയത്തിലേറ്റി കുസൃതിനിറഞ്ഞ ചിരിയുമായി ബിച്ചുവും കടന്നുപോകുന്നു.