ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തിന്റെ ഭാഗമായി തംബുരു സമര്‍പ്പണം സംഘടിപ്പിച്ചു. പാലക്കാട് ചെമ്പൈ മഠത്തിലെ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭാരവാഹികളും തംബുരു ഏറ്റുവാങ്ങി. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ടോടെ ഘോഷയാത്ര ഗുരുവായൂരിലെത്തും.
സംഗീത സാന്ദ്രമായ അന്തരീക്ഷം. നിരവധി കേമന്‍മാര്‍ പാടിയും താളം പിടിച്ചും സംഗീതത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിച്ച ഇടം. ആ തറവാടിനെ സാക്ഷിനിര്‍ത്തി മറ്റൊരു സംഗീത വേദിയിലേക്കുള്ള യാത്ര എന്തുകൊണ്ടും മികവാര്‍ന്നതാകും. പാലക്കാട് ചെമ്പൈ മഠത്തിലെ തംബുരു ഏറ്റുവാങ്ങല്‍ മറ്റൊരു സംഗീത യാത്രയ്ക്ക് കൂടിയുള്ള തുടക്കമായിരുന്നു. ചെമ്പൈ ശ്രുതി മീട്ടിയിരുന്ന തംബുരു ഇനിയുള്ള പതിനഞ്ച് ദിവസം ഗുരുവായൂരമ്പലത്തിനോട് ചേര്‍ന്നുണ്ടാകും. ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തിന് മുന്നോടിയായാണ് തംബുരു സമര്‍പ്പണ ചടങ്ങ് നടന്നത്. വിവിധ സംഗീത വിദ്യാലയങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം വൈകീട്ടോടെ തംബുരു ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തിക്കും.
അടുത്തമാസം പതിനാല് വരെയാണ് ഗുരുവായൂരിലെ ചെമ്പൈ സംഗീതോല്‍സവം. വ്യത്യസ്ത ഘട്ടങ്ങളിലായി മൂവായിരത്തിലധികം പ്രതിഭകള്‍ പങ്കെടുക്കുന്ന കലോപാസന ഇരുള്‍ മാറി വെളിച്ചം നിറയ്ക്കാനുള്ള വഴിയൊരുക്കല്‍ കൂടിയാകും. കോവിഡ് പ്രതിസന്ധി നീങ്ങി വീണ്ടും വേദികള്‍ സജീവമാകുന്നു എന്നതിന്റെ അടയാളവും.