old-road

തൃശൂര്‍ കുതിരാന്‍ വഴക്കുംപാറയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്തെ പഴയ റോഡ് ഇടിഞ്ഞു.  വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.  കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെയായിരുന്നു റോഡ് ഇടിഞ്ഞത്. കുതിരാനില്‍ ഗതാഗത പരിഷക്കാരം മൂലം കുരുക്ക് വരുമ്പോള്‍ ഇതുവഴിയാണ് വാഹനങ്ങള്‍ കടത്തിവിടാറ്. തിരക്കില്ലാത്ത അതിരാവിലെ ആയതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. അതുക്കൊണ്ട് റോഡ് ഇടിഞ്ഞപ്പോള്‍ വാഹനങ്ങള്‍ കുടുങ്ങിയില്ല. തൊഴിലാളികളും സ്ഥലത്ത് എത്തിയിരുന്നില്ല. വലിയ ദുരന്തമാണ് ഒഴിവായത്. വഴക്കുംപാറ കുതിരാന്‍ കയറ്റം ആരംഭിക്കുന്ന പ്രദേശത്ത് ഒന്‍പതു മീറ്റര്‍ ഉയരത്തിലാണ് റോഡ് നിര്‍മാണം. ഈ ഭാഗത്തെ പഴയ റോഡാണ് ഇടിഞ്ഞത്. 

 

ഇടിഞ്ഞ റോഡിന്റെ അവശിഷ്ടങ്ങള്‍ നീക്കി. കുതിരാനില്‍ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ട്. അപ്രോച്ച് റോഡിന്റെ പണിയ്ക്കു വേണ്ടി നിലവിലെ ദേശീയപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.