ഹാർവാർഡ് സർവകലാശാലയെക്കുറിച്ച് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത്. കിഴക്ക് ദിശ തിരിഞ്ഞ് പഠിച്ചാല്‍ മികച്ച നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു കെട്ടിടംപൊളിച്ചു പണിഞ്ഞിരുന്നു എന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് അഭിറാം എന്ന വിദ്യാർഥി ഹാർവാർഡിലേക്ക് കത്തയച്ചു. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മറുപടി. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇതിനെ ചോദ്യം ചെയ്ത അഭിറാം എന്ന വിദ്യാർഥിയെ വിളിച്ച് അഭിനന്ദിച്ചെന്നും ട്രോളുകൾ ആസ്വദിക്കുന്നെന്നും വ്യക്തമാക്കുന്നു അലക്സാണ്ടർ ജേക്കബ്.
ഹാർവാർഡും ഞാനും, കേരളത്തിലെ വലിയ പ്രശ്നം..!
കേരളത്തില്‍ ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ കെട്ടിടം പൊളിച്ചോ ഇല്ലയോ എന്നതാണല്ലോ. വെള്ളപ്പൊക്കം വന്നതും ആളുകളുടെ വീട് പോയതും, തൊഴിലില്ലായ്മയും തകർന്ന റോഡുമൊന്നും ഒരു പ്രശ്നമേയല്ലല്ലോ. ഞാൻ കുട്ടികൾക്ക് പറഞ്ഞ് കൊടുത്ത കാര്യങ്ങളാണത്. വേണമെങ്കിൽ അത് എല്ലാവരും അംഗീകരിച്ചാൽ മതി. ഹാർവാർഡ് പോലും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നല്ല, അറിയില്ല എന്നാണ് മറുപടി നൽകിയത്. അതാണ് ഇപ്പോൾ വളച്ചൊടിച്ച് പറയുന്നത്. രണ്ട് മൂന്ന് ദിവസം ഇതിങ്ങനെ കിടന്ന് കറങ്ങട്ടെ. ഹാർവാർഡ് പോലൊരു യൂണിവേഴ്സിറ്റിയുടെ വാലിൽ പിടിച്ച് കെട്ടാൻ പരുവത്തിലുള്ള ഒരു സർവകലാശാല പോലും ഇവിടുണ്ടോ?
വേണ്ടവർ വിശ്വസിച്ചാൽ മതി
ഞാൻ കുട്ടികൾ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ചാൽ മാർക്ക് കൂടുതൽ കിട്ടുമെന്ന് പറഞ്ഞു. തെക്കോട്ട് തിരിഞ്ഞിരുന്നാൽ കുറയുമെന്നും. അത് സനാതന ധർമം അടിസ്ഥാനമാക്കി പറഞ്ഞതാണ്. ഇവിടെ അമ്പലങ്ങളും പള്ളികളുമൊക്കെ അങ്ങനെയല്ലേ പണിയുക. കുട്ടികൾക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളാണ് പറഞ്ഞത്. അന്ധവിശ്വാസമെന്ന് കരുതുന്നവർ അങ്ങനെ കരുതട്ടെ. അല്ലാത്തവർ വിശ്വസിച്ചാൽ മതി. 100–ൽ 60 പേർക്ക് ഒരേ പോലെ തോന്നുന്നത് വിശ്വസിക്കാമല്ലോ. അതിന്റെ പിന്നിലെ ശാസ്ത്രീയതയാണ് കണ്ടു പിടിക്കേണ്ടത്.
എനിക്കെതിരെ പറഞ്ഞാൽ കാശ്..!
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒരു സ്ത്രീ എന്നെ വിളിച്ചു. എനിക്ക് വരുമാനമൊന്നുമില്ല. ഭർത്താവിന് ജോലി പോയി. സാറിനെതിരെ പറഞ്ഞ് എന്റെ യൂട്യൂബിൽ ഞാനൊരു വിഡിയോ കൊടുത്തോട്ടെ. സാറിനെതിരെ പറഞ്ഞാൽ നല്ല കാഴ്ച്ചക്കാരുണ്ടാകും. എനിക്ക് പൈസ കിട്ടും. ക്ഷമിക്കണം സർ, പണ്ട് ആളുകളെ ചീത്ത വിളിച്ചാൽ ചെവിക്കല്ല് അടിച്ചുപൊളിക്കുമായിരുന്നു, ഇന്ന് വരുമാനം കിട്ടും. അവർ പറഞ്ഞു. ഞാനവരോട് പറഞ്ഞത് ഒന്നല്ല മൂന്നാല് വിഡിയോ ചെയ്തിട്ടോ. നിങ്ങൾക്ക് പണം കിട്ടുന്ന കാര്യമല്ലേ എന്നാണ്. ഇതാണ് ആധുനിക ലോകം.
അഭിറാമിനെ ഹാർവാർഡിൽ വിടാം
ഞാൻ അഭിറാം എന്ന കുട്ടിയെ പ്രകീർത്തിച്ചിരുന്നു. പഠിച്ച് ശാസ്ത്രജ്ഞൻ ആകണമെന്ന് പറഞ്ഞു. ഞാൻ അവന് ഹാർവാർഡിൽ പഠിക്കാൻ സ്കോളർഷിപ്പ് വാങ്ങി തരാമെന്ന് ഉറപ്പ് പറയുന്നു. കുട്ടിക്ക് ഇങ്ങനെ അന്വേഷണാത്മക ത്വര ഉണ്ടാക്കി കൊടുത്തതിന് അവന്റെ അധ്യാപകരെയും അഭിനന്ദിച്ചു. പക്ഷേ ഒരു ഡിജിപിയെ ഇങ്ങനെയൊക്കെ പറഞ്ഞു എന്ന ധൈര്യത്തിൽ മറ്റൊരു ഡിജിപിയെയോ അല്ലെങ്കിൽ പഠിപ്പിക്കുന്ന പ്രൊഫസർമാരേയോ താഴ്ത്തിക്കെട്ടാൻ ഭാവിയിൽ ശ്രമിക്കരുതെന്ന ഉപദേശമാണ് നൽകുന്നത്. പോസിറ്റീവ് പബ്ലിസിറ്റിയാണ് അവന് കൊടുക്കേണ്ടത്.
ട്രോളുകൾ കണ്ട് കുറേ ചിരിച്ചു
പിന്നെ കുറേ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. അത് നല്ലതാണ്. എനിക്കെതിരെയുള്ള ട്രോളുകൾ കണ്ട് ഞാൻ ഇന്ന് കുറേ ചിരിച്ചു. മറ്റൊരാളെ ഇടിച്ചു താഴ്ത്തുന്നത് കാണാൻ മലയാളിക്ക് വലിയ സന്തോഷമാണല്ലോ. വിവാദങ്ങൾ തുടരട്ടെ. നല്ല രസമല്ലേ. എന്റെ വിഡിയോകൾക്കും എനിക്കും നല്ല പബ്ലിസിറ്റി കിട്ടുന്നുണ്ട്.