surgerywb

രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ ആരംഭിക്കുന്നുവെന്ന നേട്ടത്തിനരികെ എറണാകുളം ജനറല്‍ ആശുപത്രി. അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെ കാര്‍ഡിയാക് വിഭാഗത്തിലാണ് ബൈപ്പാസ് സര്‍ജറി നടക്കുക. പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാര്‍ നേതൃത്വം നല്‍കും. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം സംസ്ഥാനത്തെ എല്ലാ സാധാരണ രോഗികള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന വിഭാഗമാണ്. 

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേ ബൈപ്പാസ് ശസ്ത്രക്രിയയും ആരംഭിക്കുകയാണ്. വാല്‍വ് മാറ്റം ഉള്‍പ്പടെയുള്ള ശസ്ത്രക്രിയകള്‍ക്കും ഇവിടെ സൗകര്യമൊരുങ്ങുകയാണ്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയയ്ക്ക്  ദേശീയ ആരോഗ്യദൗത്യം വഴി തെരഞ്ഞെടുക്കപ്പെട്ട പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ടാകും. പൊതുസംവിധാനത്തിനുള്ളില്‍ രാജ്യത്ത് മെഡിക്കല്‍ കോളജുകളില്‍ മാത്രമെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ളുവെന്നിരിക്കെയാണ് രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ ഈ സംവിധാനം എത്തുന്നത്. ഇതോടെ സാധാരണക്കാരായ രോഗികള്‍ക്ക് സൗജന്യമായും സൗജന്യ നിരക്കിലും ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റ് അത്യാധുനിക ചികില്‍യ്ക്കും സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷ.