unnihurukkal-26

തൊണ്ണൂറ്റിമൂന്നാം വയസില്‍ പത്മശ്രീ പുരസ്കാരം നേടിയതിന്റെ ആഹ്ലാദത്തിലാണ് ചാവക്കാട് വല്ലഭട്ട കളരിയിലെ സി.ശങ്കരനാരായണ മേനോന്‍. അംഗീകാരം അച്ഛനും കളരി പരമ്പര ദൈവങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി പുരസ്കാര ജേതാവ് പറഞ്ഞു. 

 

ആറാം വയസില്‍ കളരി പഠിക്കാനിറങ്ങിയതാണ് സി.ശങ്കരനാരായണ മേനോന്‍ എന്ന ഉണ്ണി ഗുരുക്കള്‍. അച്ഛന്റെ ശിക്ഷണത്തിൽ മുടവങ്ങാട്ട് തറവാട്ട് കളരിയിലായിരുന്നു അഭ്യാസം തുടങ്ങിയത്.  16–ാം വയസിൽ അരങ്ങേറ്റം കുറിച്ചു. വിദേശത്തും നാട്ടിലുമായി ഒട്ടേറെ ശിഷ്യസമ്പത്തുണ്ട്. വിദേശത്തു നിന്ന് ആയിരകണക്കിനു വിദ്യാര്‍ഥികളാണ് കളരി പഠിക്കാന്‍ ചാവക്കാട് വരുന്നുണ്ട്. കളരിപ്പയറ്റിനെ കടല്‍കടത്തിയ യശസാണ് പുരസ്കാരം കൊണ്ടുവന്നത്. 

 

അമേരിക്ക, ഫ്രാൻസ്, ബൽജിയം, യുഎഇ എന്നിവിടങ്ങളിൽ വല്ലഭട്ടയുടെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ സംസ്ഥാന ദേശീയ കളരിപ്പയറ്റ് മത്സരങ്ങളിൽ പതീറ്റാണ്ടുകളായി വല്ലഭട്ട കളരി സംഘം മികച്ച വിജയം നേടുന്നുണ്ട്. കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്, കലാമണ്ഡലം സിൽവർ ജൂബിലി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ കായിക ദിനത്തിൽ ഗവർണർ പി.സദാശിവം ഉണ്ണി ഗുരുക്കളെ ആദരിച്ചിരുന്നു.