pump-house

 

31 വര്‍ഷം പിന്നിട്ടിട്ടും ഒരു തുള്ളി വെള്ളം പമ്പ് ചെയ്യാതെ ഒരു പമ്പ് ഹൗസ്. കോടികള്‍ ചെലവഴിച്ച് വയനാട് എടവക പഞ്ചായത്തില്‍ കബനിക്കരയില്‍ നിര്‍മിച്ച പമ്പ് ഹൗസാണ് നോക്കുക്കുത്തിയായത്. പമ്പ് ഹൗസ് ഉള്‍പ്പെടുന്ന പായോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. 

 

എടവക പഞ്ചായത്തിലെ 300 ഏക്കർ വയലിൽ കൃഷിക്ക് വെള്ളം എത്തിക്കുന്നതിനായാണ് 1991ല്‍ പമ്പ് ഹൗസ് നിർമിച്ചത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കനാലുകൾ, വൈദ്യുതിക്കായി പ്രത്യേക ട്രാൻസ്ഫോമർ, പൈപ്പുകൾ, മോട്ടോറുകൾ എന്നിവയും സ്ഥാപിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ജലസേചന വിതരണം ആരംഭിച്ചില്ല. പമ്പ് ഹൗസിന്റെ ചില്ലുകൾ ഉൾപ്പെടെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ട്രാൻസ്ഫോമർ കാട് മൂടിയ നിലയിലാണ്. മോട്ടോർ ഇതുവരെ പ്രവർത്തിപ്പിച്ചില്ലെങ്കിലും രണ്ട് തവണ പുതിയ മോട്ടോർ മാറ്റി സ്ഥാപിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

പൈപ്പുകൾ തുരുമ്പെടുത്ത് നശിച്ചതിനെ തുടർന്ന് പുതിയ പൈപ്പുകള്‍ ഇതിനിടയില്‍ സ്ഥാപിച്ചു. പക്ഷെ വെള്ളം പമ്പ് ചെയ്യാന്‍ മാത്രം നടപടി ഉണ്ടായില്ല. പലയിടങ്ങളിലും കനാലുകൾ നിർമിച്ചിരിക്കുന്നത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിന് സംരക്ഷണ ഭിത്തി എന്ന നിലയിലാണെന്നും ആരോപണമുണ്ട്.