fire

വേനല്‍ കടുക്കുന്നതോടെ കാട്ടുതീ ഭീതിയില്‍ ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകളിലെ മൊട്ടക്കുന്നുകൾ. മുൻവർഷങ്ങളിൽ കാട്ടുതീ മൂലം ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഉടുമ്പൻചോല മേഖലയിലാണ് ഇത്തവണയും ഏറ്റവുമധികം തീപിടിത്തമുണ്ടായിരിക്കുന്നത്. ചെറുതും വലുതുമായ 43 തീപിടിത്തങ്ങളാണ് കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ മേഖലയിലുണ്ടായതെന്നാണ് അഗ്നിശമന സേനയുടെ കണക്ക്.

 

മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ പടര്‍ന്ന് പിടിക്കുന്നത് മയലോരമേഖലയില്‍ പതിവായി. മുൻ വർഷങ്ങളിൽ ഇടുക്കി ജില്ലയില്‍ കാട്ടുതീ ഏറ്റവും അധികം നാശം വിതച്ച രാമക്കൽമേട്, കൈലാസപ്പാറ, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ അഗ്നിശമന സേന ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. 

 

കൃഷിയിടങ്ങളിലേയ്ക്ക് തീ പടരാതിരിക്കാന്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃഷിയിടങ്ങളുടേയും വീടുകളുടേയും സമീപത്തായി മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഫയര്‍ ലൈനുകള്‍ തെളിയ്ക്കണമെന്നാണ് നിര്‍ദേശം. കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകളും പുല്‍മേടും നശിയ്ക്കുന്നതിനായി ചിലര്‍ തീയിടുന്നതാണ് വന്‍ തീപിടുത്തതിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.