കാസര്‍കോട് പൂമാല ഭഗവതി ക്ഷേത്രത്തില്‍ മൂവാണ്ട് കളിയാട്ടത്തിന്റെ ഭാഗമായുള്ള പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടം കാഴ്ചക്കാര്‍ക്ക് ആവേശമായി. ദേവന്റെ തിരുനടനം ഭക്തര്‍ക്ക് അനുഗ്രഹദർശനമായി.
ശൈവാംശം ഭൂതനായ ദേവന്‍റെ അവതാര നടനം കാത്തിരുന്ന ഭക്ത മാനസങ്ങൾക്ക് ആത്മ സായൂജ്യമായി.
മലനാട് കാണാൻ ഏഴിമലയിൽ എത്തിയ ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനാണ് മല്ലനായ പൂമാരുതൻ എന്നാണ് വിശ്വാസം. വഴിനീളെ 107 അഴികടന്ന് ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ഭക്തരെ രക്ഷിച്ചു എന്നാണ് വിശ്വാസം. തട്ടും വെള്ളാട്ടം എന്ന പേരിലറിയപ്പെടുന്ന തെയ്യം, കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റും. തെയ്യത്തിൽ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വാല്യക്കാർ ആർപ്പുവിളികളുമായി ചുറ്റും കൂടും.
പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതൻ കെട്ടിയാടുന്നത്. കളിയാട്ടത്തിന്‍റെ ഭാഗമായി ഗുളികൻ വിഷ്ണുമൂർത്തി തെയ്യങ്ങളും അരങ്ങിലെത്തി.