kpplwb

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ  നാഴികക്കല്ലായി  KPPL കോട്ടയം വെള്ളൂരിൽ നാളെ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ HNL ഏറ്റെടുത്താണ് സംസ്ഥാനം കേരള പേപ്പ‍ർ പ്രൊഡക്ട്സ് ലിമിറ്റഡിന് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പേപ്പർ നിർമാണ ശാല നാടിന് സമർപ്പിക്കും. 

നഷ്‌ടകണക്കുകൾ ചൂണ്ടിക്കാട്ടിയാണ് വെള്ളൂരിലെ അഭിമാനസ്തംഭമായ എച്ച്എൻഎൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയത്. അഞ്ഞൂറിലേറെ തൊഴിലാളി കുടുംബങ്ങളുടെ അതിജീവനം തന്നെ അസാധ്യമായ ഘട്ടത്തിലായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം കമ്പനി ഏറ്റെടുത്തത്. നാല് വർഷത്തോളം അടഞ്ഞുകിടന്ന ഫാക്ടറിയാണ് കേരള പേപ്പ‍ർ പ്രൊഡക്ട്സ് ലിമിറ്റഡെന്ന പുതിയ പേരിൽ തുറന്നു പ്രവർത്തിക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ പേപ്പർ നിർമാണത്തിനു തുടക്കം കുറിക്കാനാണ് തീരുമാനം.

പേപ്പർകൊണ്ടുള്ള വിവിധതരം ഉത്പന്നങ്ങൾ നിർമിച്ച് കമ്പനിയെ ലാഭത്തിലെത്തിക്കുകയാണ് ലക്ഷ്യം. എച്ച്എൻഎല്ലിൽ ജോലി ചെയ്തിരുന്ന 255 സ്ഥിരം തൊഴിലാളികളെ പുതിയ കമ്പനിയിൽ താത്കാലികമായി നിയമിച്ചിട്ടുണ്ട്. പ്രവർത്തന മൂലധനമായ 75 കോടി രൂപ ഉൾപ്പെടെ 154 കോടി രൂപയാണ് കെപിപിഎല്ലിനായി സ‍ർക്കാ‍ർ വകയിരുത്തിയിട്ടുള്ളത്. 3000 കോടി രൂപയുടെ വിറ്റുവരവ്നടത്തി പ്രതിവര്‍ഷം അഞ്ചു ലക്ഷം മെട്രിക് ടണ്ണിലേറെ ഉല്‍പാദന ശേഷി കൈവരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.