കോട്ടയം വെള്ളൂരിലെ കെപിപിഎൽ പേപ്പർ നിർമാണശാലയിൽ തൊഴിലാളി നിയമനങ്ങൾക്കെതിരെ പ്രതിഷേധവുമായി കരാർ തൊഴിലാളികൾ രംഗത്ത്. കരാർ തൊഴിലാളികളെ ഒഴിവാക്കി എച്ച്എൻഎല്ലിലെ സ്ഥിരം തൊഴിലാളികൾക്ക് മാത്രം നിയമനം നൽകുന്നതിലാണ് എതിർപ്പ്. നിയമനങ്ങളിലെ വിവേചനത്തിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുകയാണ് കരാർ തൊഴിലാളികൾ.
കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയത എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന് രൂപം നൽകിയത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ചു. പേപ്പർ നിർമ്മാണശാലയിലെ നിയമനങ്ങൾക്കെതിരെയാണ് ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധം ഉയർത്തുന്നത്. എച്ച്എൻഎല്ലിലെ സ്ഥിരം തൊഴിലാളികളായിരുന്ന 252 പേരെ കെപിപിഎല്ലിൽ താത്കാലികമായി നിയമിച്ചു. എന്നാൽ കരാർ തൊഴിലാളികളായിരുന്നു ഇരുന്നൂറോളം പേരെ ഇനിയും പരിഗണിച്ചിട്ടില്ല. ഇതിന് പുറമെ ആനുകൂല്യങ്ങൾ നൽകാൻ നടപടിയില്ലാത്തതുമാണ് തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിക്കുന്നത്.
35 വർഷത്തിലേറെ എച്ച്എൻഎല്ലിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും ഗ്രാറ്റുവിറ്റിയടക്കം നൽകാനുണ്ട്. ഒരു തൊഴിലാളിക്ക് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപയെങ്കിലും ലഭിക്കാനുണ്ട്. സർക്കാരിൽ നിന്ന് അനുകൂല ഇടപെടലുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കരാർ തൊഴിലാളികളുടെ തീരുമാനം.