Sayyid-Sadiq-Ali-Shihab-Thangal

മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സംസ്ഥാന പര്യടനത്തിന് കാസര്‍കോട് തുടക്കമായി. മത–സാമുദായിക ഐക്യം ശക്തിപ്പെടാനുളള യാത്രയെന്ന് ലീഗ് പ്രഖ്യാപിക്കുബോഴും താഴെ തട്ടിലുളള പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാന്‍ കൂടിയാണ് പര്യടനം. സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ യാത്രയെന്ന പ്രത്യേകതയുമുണ്ട്.

 

ഒാരോ ജില്ലയിലേയും മത–സാമുദായിക–സാമൂഹിക രംഗത്തെ പ്രമുഖരുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നതാണ് ആദ്യപരിപാടി. ഇതര മത നേതാക്കളുമായി സംസാരിച്ച് ആവശ്യമെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്താന്‍ ലീഗ് തയാറാണന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 

മുസ്ലീം ലീഗിന്‍റെ ജില്ല നേതാക്കളുടെ പ്രത്യേക യോഗവും ചേരും. ഒാരോ ജില്ലയിലും വൈകിട്ട് പൊതുയോഗവുമുണ്ടാകും. ലീഗിന്‍റെ പ്രധാന നേതാക്കളെല്ലാം ഒപ്പമുണ്ട്. വെളളിയാഴ്ച കണ്ണൂര്‍ ജില്ലയിലാണ് പര്യടനം. ഈ മാസം 23ന് കോഴിക്കാടാണ് യാത്രയുടെ സമാപനം.