പ്രളയത്തിൽ തകർന്ന കോട്ടയം നൂലുവേലിക്കടവ് പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. തൂക്കുപാലം സന്ദർശിക്കാനായി ആളുകൾ പാലത്തിൽ കയറുന്നത് ദുരന്തത്തിന് ഇടയാക്കുമെന്നതാണ് ആശങ്ക. വെള്ളാവൂർ കോട്ടാങ്ങൽ എന്നീ കരകളെയാണ് തൂക്കുപാലം ബന്ധിപ്പിച്ചിരുന്നത്.
വെള്ളാവൂരിൽ നിന്ന് ബസ് സൗകര്യം കുറവായതിനാൽ കോട്ടാങ്ങൽ എത്തിയായിരുന്നു ആളുകൾ ബസ് കയറിയിരുന്നത്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളും വലയുകയാണ്. പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലേക്ക് വിശ്വാസികൾ എത്തിയിരുന്നതും പാലത്തിലൂടെയായിരുന്നു.