കണ്ണടച്ചാൽ കാട്ടാനയാണ്. പാഞ്ഞെത്തുന്ന കാട്ടാന. ഏതാനും മിനിറ്റുകൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. എന്താണു സംഭവിച്ചതെന്നു പോലും കൂടെ നടന്നവർക്ക് അറിയില്ല. എന്നും ഒപ്പം നടന്നിരുന്ന ‘ശിവരാമേട്ടൻ’ ഇനി ഇല്ല. ഒപ്പം നടക്കാനിറങ്ങിയവരുടെ കണ്ണിൽ നിന്ന് ഒന്നും മായുന്നില്ല. പതിവു പോലെ രാവിലെ 5ന് വീട്ടിൽനിന്ന് നടക്കാനിറങ്ങിയതായിരുന്നു ശിവരാമൻ. കൂടെ നടക്കുന്നവർ പയറ്റാംകുന്നം ജംക്‌ഷനിൽനിന്ന് ചേരുന്നതോടെ സംഘമായി ഉമ്മിനി ഗവ.ഹൈസ്കൂൾ വരെ നടന്ന ശേഷം തിരിച്ച് നടക്കുകയാണ് പതിവ്.
ശിവരാമന്റെ വീട്ടിൽനിന്ന് 3 കിലോമീറ്ററിലേറെ ദൂരമുണ്ട് ഉമ്മിനി സ്കൂളിലേക്ക്. എട്ടംഗ സംഘത്തിൽ ശിവരാമനും രാജേഷും അൽപം മുന്നിലാണ് നടന്നത്. എന്നും അൽപം വേഗത്തിലാണ് ശിവരാമൻ നടക്കാറെന്ന് ഇവർ പറയുന്നു. സംഭവം നടന്ന റോഡിന് ഇരുവശവും വിശാലമായ പാടമാണ്. ചില സ്ഥലങ്ങളിൽ നിരയായി മരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ പുലർച്ചെയുള്ള മങ്ങിയ വെളിച്ചത്തിൽ ആന നിന്നാലും കാണാൻ ബുദ്ധിമുട്ടാണ്. പിഎസ്‍സിയുടെ പൊലീസ് കോൺസ്റ്റബിൾ ഐആർബി കമാൻഡോ വിങ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ മുതൽ ഉദ്യോഗാർഥികളുടെ ശാരീരികക്ഷമത പരീക്ഷയ്ക്കുള്ള ഓട്ടം ഈ റോഡിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് ജീപ്പിലും നിരീക്ഷണം നടത്തിയിരുന്നു.
ഒലവക്കോട്–ധോണി റോഡിനു സമീപം സെന്റ് ജയിംസ് ഗ്രേറ്റ് പള്ളിയും പിന്നിട്ട് ഉമ്മിനി സ്കൂൾ ഭാഗത്തേക്ക് നടക്കുകയായിരുന്ന സംഘം പെട്ടെന്നാണ് കാട്ടാനയുടെ ഉച്ചത്തിലുള്ള ചിന്നം വിളി കേട്ടത്. രണ്ടു മൂന്നു തവണ ചിന്നം വിളിച്ച ആന സംഘത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നെന്ന് ശിവരാമന്റെ സംഘത്തിലുണ്ടായിരുന്ന എസ്. സദാശിവനും, സി.എം.ഗംഗാധരനും പറഞ്ഞു. ആന പാഞ്ഞടുത്തതോടെ രാജേഷ് ഓടി ഒരു വശത്തെ വയലിലേക്ക് ചാടി. ശിവരാമൻ നേരെ എതിർവശത്തുള്ള വയലിലേക്കും ചാടിയെങ്കിലും പിറകിൽ ആനയും പാടത്തേക്കിറങ്ങി.
പിന്നീട് നിലവിളി കേട്ട് കൂടെയുണ്ടായിരുന്നവർ ഓടിച്ചെന്നു നോക്കുമ്പോഴേക്കും ചേറിലെ ആഴത്തിലുള്ള കുഴിയിൽനിന്ന് കാലുകൾ മാത്രമാണ് ഇവർക്ക് കാണാൻ സാധിച്ചത്. ഈ സമയം അതുവഴിയെത്തിയ പൊലീസ് ജീപ്പിൽ നിന്നു വെള്ളമെടുത്തു മുഖം കഴുകിയപ്പോഴാണു ശിവരാമനാണെന്നു തിരിച്ചറിഞ്ഞത്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ ചേറ് നിറഞ്ഞ പാടത്ത് ആന ആക്രമിച്ചതിന്റെ ഭാഗമായി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
കൊമ്പ് കൊണ്ട് കുത്തിയ ശേഷം ശിവരാമന്റെ വയറ്റിലും നെഞ്ചിന്റെയും ഭാഗത്തായി ചവിട്ടുകയായിരുന്നെന്നാണ് നിഗമനം. രക്തത്തിൽ കുളിച്ച ശിവരാമനെ കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുപ്പരിയാരം മുല്ലശ്ശേരി ഭാഗത്തു നിന്ന് എത്തിയ കാട്ടാനയാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ പറഞ്ഞു. ഒരാന കൂടി ഒപ്പമുണ്ടായിരുന്നുവെന്ന് അവർ പറയുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വനംവകുപ്പ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ, ‘എന്തിനാണ് ഇത്ര രാവിലെ നടക്കാൻ പോയത്’ എന്നു ചോദിച്ചതു നാട്ടുകാരുടെ രോഷത്തിനു കാരണമായി.
ആനയിറങ്ങിയ വിവരം അറിഞ്ഞിട്ടും മുന്നറിയിപ്പു നൽകാതിരിക്കുകയും നാട്ടുകാരോടു മോശമായി പെരുമാറുകയും ചെയ്ത വനം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, മരിച്ച ശിവരാമന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുക, ആക്രമണകാരികളായ ആനകളെ മയക്കുവെടിവച്ചു പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നാട്ടുകാരും രാഷ്ട്രീയകക്ഷികളും പ്രതിഷേധിച്ചു.