kattappana

കട്ടപ്പന നഗരസഭാ പരിധിയിലെ കരിമ്പാനിപ്പടി അടക്കമുള്ള മേഖലകളിൽ കട്ടപ്പനയാറിന്റെ ഭാഗമായ തോടു കരകവിഞ്ഞ് ഞായറാഴ്ച രാത്രി വീടുകളിൽ വെള്ളം കയറിയത് ആനവിലാസം വില്ലേജ് പരിധിയിലെ ശാസ്താനടയിൽ ഏലത്തോട്ടത്തിൽ നിർമാണത്തിലിരിക്കുന്ന കുളം പൊട്ടിയതു മൂലമെന്നു കണ്ടെത്തൽ. ഉരുൾപൊട്ടലാണെന്നായിരുന്നു ഞായറാഴ്ചത്തെ നിഗമനം.

ഇന്നലെ പഞ്ചായത്ത്-റവന്യു അധികൃതർ നടത്തിയ പരിശോധനയിലാണ് കുളത്തിന്റെ ഒരുഭാഗം പൊട്ടിയൊഴുകിയ നിലയിൽ കണ്ടെത്തിയത്. ഇതിന്റെ പണികൾ നടന്നുവരി കയായിരുന്നു. മണ്ണിട്ട് ഉയർത്തിയിരുന്ന ഭാഗമാണ് വെള്ളം നിറഞ്ഞതോടെ പൊട്ടിയൊഴുകിയത്. ഇത് ഒഴുകി തോട്ടിലെത്തുകയായിരുന്നു. ഈ സ്ഥലത്തേക്കു രാത്രി എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. 

കമ്പം സ്വദേശിയുടെ ഉടമസ്ഥതയിലാണ് തോട്ടം. കുളം പൊട്ടി ഒഴുകിയതിനൊപ്പം ശക്തമായ മഴ കൂടി പെയ്തതോടെയാണു കട്ടപ്പനയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരുടെ വീടുകളിൽ രണ്ടടി ഉയരത്തിൽ വെള്ളം കയറിയത്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയെങ്കിലും വെള്ളം കയറിയ വീടുകളിൽ ചെളി നിറഞ്ഞ സ്ഥിതിയിലായിരുന്നു. കട്ടപ്പന-ആനവിലാസം റോഡിന്റെ ബൈപാസ് ആയ കരിമ്പാനിപ്പടി റോഡിലും വെള്ളം കയറി.