puthumala

പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്.  ആര്‍ത്തലച്ചുപെയ്ത മഴയും ഒഴുകിയെത്തിയ

മണ്ണും പാറക്കൂട്ടവും ഒരു ഗ്രാമത്തെ തന്നെ തുടച്ചു നീക്കി. അപകടത്തില്‍ കാണാതായ അഞ്ചുപേര്‍ ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. മൂന്നാണ്ട് പിന്നിടുമ്പോഴും പുത്തുമലയുടെ ഹൃദയത്തിനേറ്റ മുറിവ് ഉണങ്ങിയിട്ടില്ല. 

 

2019 ആഗസ്റ്റ് എട്ട്.  കനത്ത മഴയിൽ പുത്തുമലയ്ക്കു മുകളില്‍ ദുരന്തം പെയ്തിറങ്ങി. ഉരുള്‍പൊട്ടിയൊഴുകിയ പാറക്കൂട്ടവും ചെളിമണ്ണും നിമിഷ നേരം കൊണ്ട്  ഗ്രാമത്തിന് മുകളില്‍ പതിച്ചു.  ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ നിസഹായരായ മനുഷ്യര്‍. അവരുടെ വളര്‍ത്തുമൃഗങ്ങള്‍. വീടുകള്‍. ആരാധനാലയങ്ങള്‍, അങ്ങനെയെല്ലാം മണ്ണിനടയില്‍പെട്ടു.

 

ഇന്നും പുത്തുമലയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. അന്ന് ബാക്കിയായതൊക്കെ പലയിടങ്ങളിലായി കാടുപിടിച്ച് കിടപ്പുണ്ട്. കാണുന്നതിനേക്കാള്‍

ഏറെയാണ് മണ്ണില്‍ പുതഞ്ഞുപോയവ. 17 പേര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ പട്ടികയിലെ 5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല.  പ്രകൃതിയുടെ കലിതുള്ളല്‍ കണ്ടവര്‍ക്ക് ആ നടുക്കം വിട്ടുമാറിയിട്ടില്ല. പുത്തുമലയിലെ അവശേഷിക്കുന്ന ജീവിതങ്ങള്‍. ഈ മഴക്കാലവും അവരെ പേടിപ്പെടുത്തുന്നുണ്ട്. 

 ദുരന്തബാധിതരുടെ പുനരധിവാസം 90 ശതമാനവും പൂര്‍ത്തിയായി. പലയിടങ്ങളിലായി അവരിന്ന് ജീവിതം കരുപിടിപ്പിക്കുകയാണ്. അപ്പോഴും പുതിയതൊന്നും അവരുടെ നഷ്ടങ്ങള്‍ക്ക് പകരമല്ല. ഉറ്റവരുടെ ഓര്‍മ്മയും ജനിച്ച മണ്ണും ഇവിടെയുണ്ട്.