കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്ക് ഒടുവിൽ നീതി. ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ അനന്തരവകാശികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാകാൻ പ്രത്യേക ഉത്തരവിറങ്ങി. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പി.കസ്തൂരി, മകൾ പ്രിയദർശിനി, ജി.കാർത്തിക, ദിനേശ് കുമാർ ഷൺമുഖനാഥൻ എന്നിവരെയാണ് പെട്ടിമുടി ദുരന്തത്തിൽ കാണാതായത്. 17 ദിവസം നീണ്ട തിരച്ചിലിൽ 66 പേരുടെ മൃതദേഹങ്ങൾ കിട്ടിയെങ്കിലും നാലു പേരെ കണ്ടെത്താനായിരുന്നില്ല. ഇവർ മരിച്ചതായി കണക്കാക്കി 5 ലക്ഷം ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ദുരന്തമുണ്ടായി രണ്ടു വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കുകയോ ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തില്ല. നാലു പേരുടെയും അനന്തരാവകാശികൾ ധനസഹായം ലഭിക്കുന്നതിന് 200 രുപാ മുദ്രപത്രത്തിൽ ബോണ്ട് സമർപ്പിക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവിലുള്ളത്. കാണാതായവർ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തിരികെ എത്തുകയോ, അവർ ജീവിച്ചിരിപ്പുണ്ടെന്നുള്ള വിവരം ലഭിക്കുകയോ ചെയ്താൽ നഷ്ടപരിഹാര തുക തിരികെ നൽകാൻ ബാധ്യസ്ഥരാണെന്ന് ഉറപ്പു നൽകുന്ന ബോണ്ട് കലക്ടർക്ക് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കാണാതായവരിൽ മൂന്നുപേരുടെ ബന്ധുക്കൾ മൂന്നാർ വില്ലേജ് ഓഫിസിലെത്തി ബോണ്ട് സമർപ്പിച്ചു. ഇതിൽ കാർത്തിക ഒഴികെയുള്ളവരുടെ ബന്ധുക്കളാണ് ബോണ്ട് സമർപ്പിച്ചത്. തിരുനെൽവേലിയിലുള്ള കാര്‍ത്തികയുടെ മുത്തച്ചനും മുത്തശ്ശിക്കും പ്രായാധിക്യം മൂലം യാത്ര ചെയ്ത് മൂന്നാറിലെത്താൻ കഴിയാത്തതുമൂലമാണ് ബോണ്ട് നൽകാൻ കഴിയാത്തത്. രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ 2020 ഓഗസ്റ്റ് 6 ന് രാത്രിയിലാണ് ദുരന്തം ഉരുളായി ഇരച്ചെത്തിയത്.