sandra-bus

അമിത വേഗതയിൽ സഞ്ചരിച്ച സ്വകാര്യ ബസിനെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്ന് റോഡിൽ തടഞ്ഞ് യുവതി. പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് ബസിന് കുറുകെ ഇരുചക്ര വാഹനം നിർത്തി സാന്ദ്രയെന്ന യുവതി തടഞ്ഞത്. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോയ രാജപ്രഭ എന്ന ബസാണ് അപകടമുണ്ടാക്കും വിധം ഓടിയതെന്നും നേരത്തെയും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും പെരുമണ്ണൂര്‍ സ്വദേശിനി സാന്ദ്ര പറഞ്ഞു. ബസിന്റെ അമിതവേഗം അന്വേഷിക്കാന്‍ പാലക്കാട് ആര്‍.ടി.ഒ നിര്‍ദേശം നല്‍കി.  

 

 

ഞായറാഴ്ച വൈകീട്ടാണ് കൂറ്റനാടിനും ചാലിശ്ശേരിക്കുമിടയില്‍ ബസ് അപകടകരമായി ഓടിച്ചത്. കൂറ്റനാട് മില്ലിന് സമീപം സാന്ദ്ര ഓടിച്ച ഇരുചക്രവാഹനത്തില്‍ ബസിടിക്കുമെന്ന അവസ്ഥയുണ്ടായി. ബഹളം കൂട്ടിയെങ്കിലും ഡ്രൈവര്‍ അമിതവേഗത തുടര്‍ന്നു. ഒന്നരക്കിലോമീറ്ററിലധികം പിന്തുടര്‍ന്ന് സാന്ദ്ര ബസ് തടഞ്ഞിട്ടു. നേരത്തെയും ഇതേ ബസില്‍ നിന്ന് സമാന അനുഭവമുണ്ടായെന്നും ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും സാന്ദ്ര. 

 

ബസിന്റെ അമിതവേഗമെന്ന പരാതി അന്വേഷിക്കുമെന്ന് പാലക്കാട് ആര്‍ടിഒ അറിയിച്ചു. അമിത വേഗതയെ ചോദ്യം ചെയ്ത് യുവതി ബസ് തടഞ്ഞ വിഷയം പട്ടാമ്പി ജോയിന്റ് ആര്‍ടിഒ പരിശോധിക്കും. രാജപ്രഭ ബസിന്റെ ജീവനക്കാരോട് രേഖകളുമായി ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.