യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ രണ്ട് മെത്രാപ്പൊലീത്തമാർ കൂടി. മർക്കോസ് മാർ ക്രിസ്റ്റൊഫൊറസും, ഗീവർഗീസ് മാർ സ്റ്റെഫാനോസും ലബനനിലെ പാത്രിയാർക്ക അരമന ചാപ്പലിൽ അഭിഷിക്തരായി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
വിശുദ്ധ കുരിശിന്റെ തിരുനാൾ ദിനത്തിലായിരുന്നു ലബനനിലെ പാത്രിയർക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലിൽ വാഴിക്കൽ ചടങ്ങുകൾ . ലബനൻ സമയം രാവിലെ എട്ടിന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെയും ചടങ്ങിൽ പങ്കെടുക്കുന്ന മെത്രാപ്പൊലീത്തമാരെയും പ്രദക്ഷിണമായി ചാപ്പലിലേക്ക് ആനയിച്ചു. ദിവ്യബലി മധ്യേ മലങ്കര സഭ കാത്തിരുന്ന നിമിഷം. മർക്കോസ്, ഗീവർഗീസ് റമ്പാൻമാർ അഭിഷിക്തരായി.
മർക്കോസ് മാർ ക്രിസ്റ്റൊെഫൊറസ് എന്നും, ഗീവർഗീസ് മാർ സ്റ്റെഫാനോസെന്നും സ്ഥാനാനിക നാമം നൽകി. പരിശുദ്ധ പാത്രിയർക്കീസ് ബാവാ സ്ഥാനമേറ്റശേഷം മലങ്കര സഭയിലേക്ക് നേരിട്ട് മെത്രാപ്പൊലീത്തമാരെ വാഴിക്കുന്നതും ഇതാദ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ . നിയുക്ത മെത്രാപ്പോലീത്തമാരുടെ ബന്ധുമിത്രാധികളടക്കം നൂറംഗ പ്രതിനിധി സംഘവും സാക്ഷികളായി.