ഇരുന്നൂറു വര്‍ഷം പഴക്കമുള്ള നെല്ലിമരം ഒരു പറിച്ചുനടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂള്‍ മുറ്റത്തുള്ള നെല്ലിമരമാണ് വേരോടെ പിഴുതുമാറ്റിയത്. ഒരു നാടും വിദ്യാര്‍ഥികളും കാത്തിരിക്കുകയാണ് ഈ മരത്തിന്റെ പുനര്‍ജന്മത്തിനായി.
ചോമ്പാല എല്‍.പി സ്കൂളിന് തണലേകി, കുട്ടികളുടെ കളിചിരികള്‍ കേട്ട് ഈ നെല്ലിമരം ഇവിടെ വളരാന്‍ തുടങ്ങിയിട്ട് 200 വര്‍ഷം കഴിഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു. പുതിയത് പണിയാന്‍ ഈ നെല്ലിമരം മുറിക്കണം. പക്ഷെ അങ്ങനെ മുറിച്ചൊഴിവാക്കാന്‍ കഴിയുന്ന ആത്മബന്ധമല്ല ഈ മരത്തോട് സ്കൂളിനും നാട്ടുകാര്‍ക്കും ഉള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വോരോടെ പിഴുതെടുത്തു . മറ്റൊരിടത്ത് നട്ടു. നാട്ടുകാരും കുട്ടികളും ചേര്‍ന്ന് നനച്ചും പരിപാലിച്ചും കാത്തിരിക്കുയാണ്
ഗാന്ധിജിക്ക് സ്വാതന്ത്ര്യസമരത്തിന് തുക കൈമാറിയത് ഈ നെല്ലിമരത്തിന് സമീപം വച്ചാണ്. കഴിഞ്ഞില്ല രാജീവ് ഗാന്ധി, ജയപ്രകാശ് നാരായണന്‍ , എ.കെ.ജി. ഇ.എം.എസ്, കൃഷ്ണപിള്ള തുടങ്ങിയ പ്രമുഖരുടെ പ്രസംഗങ്ങളെല്ലാം ഈ നെല്ലിമരത്തിന്റെ ചുവട്ടില്‍ നടന്നിട്ടുണ്ടെന്നാണ് ചരിത്രം