തിരുവനന്തപുരം ശംഖുമുഖത്ത് കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത മല്‍സ്യകന്യകാ ശില്‍പം ഗിന്നസ് റെക്കോഡില്‍. ലോകത്തെ ഏറ്റവും വലിയ മല്‍സ്യകന്യകാശില്‍പമെന്ന റെക്കോഡാണ് അപേക്ഷിക്കാതെ തന്നെ ഗിന്നസ് അധികൃതര്‍ നല്‍കിയത്. ശില്‍പ്പത്തോട് ചേര്‍ന്ന് സ്ഥാപിച്ച ഹെലികോപ്ടര്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഇനിയും പരിഗണിക്കാത്ത വിഷമത്തിലാണ് കാനായി.
ലോകത്തിലെ ഏറ്റവുംവലിയ സാഗര കന്യകാശില്‍പം ഇതാ ഇവിടെ ശംഖുമുഖം തീരത്ത്. എണ്‍പത്തിയേഴ് അടി നീളവും ഇരുപത്തഞ്ചടി ഉയരവുമുള്ള കോണ്‍ക്രീറ്റ് ശില്‍പം.1990 ല്‍ വിനോദസഞ്ചാര വകുപ്പാണ് കാനായിയെ ശില്‍പമൊരുക്കാന്‍ ചുമതലപ്പെടുത്തിയത്. ശില്‍പം അശ്ലീലമെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഇടപെട്ട് ശില്‍പം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചതുമെല്ലാം ചരിത്രം. 92 ല്‍ സാഗര കന്യക പൂര്‍ത്തിയായി. പ്രതിഫലം വാങ്ങാതെയാണ് കാനായി ഈ സൃഷ്ടി പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ അപേക്ഷിക്കാതെ തന്നെ ഗിന്നസ് അധികൃതര്‍ ഏറ്റവും വലിയ സാഗര കന്യകാ ശില്‍പമെന്ന റെക്കോഡിന്റെ സാക്ഷ്യപത്രവും സമ്മാനിച്ചു.
എന്നാല്‍ ഈ ശില്‍പ്പത്തിന്റെ ഭംഗി നശിപ്പിക്കുന്ന തരത്തില്‍ സമീപത്ത് സ്ഥാപിച്ച ഹെലിക്കോപ്ടര്‍ നീക്കം ചെയ്യണമെന്ന കാനായിയുടെ ആവശ്യം വിനോദസഞ്ചാര വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല. ലോക്ഡൗണ്‍ കാലത്താണ് ഈ ഹെലികോപ്ടര്‍ ഇവിടെ സ്ഥാപിച്ചത്.World's Largest Mermaid Sculpture at Shankhumukham