rauf

കേരളത്തില്‍ ആര്‍.എസ്.എസ്. നേതാക്കള്‍ക്കെതിരായ ആക്രമണത്തിന്‍റെ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് എന്ന് എന്‍.ഐ.എ.പാലക്കാട്ടെ ശ്രീനിവാസന്‍ കൊലക്കേസ് പ്രതികളുമായി ഗൂഢാലോചന നടത്തിയ സ്ഥലങ്ങളില്‍ റൗഫിനെ എത്തിച്ച് തെളിവെടുത്തു. 

 

ജില്ലാ ആശുപത്രി മോർച്ചറി പരിസരത്തായിരുന്നു ആദ്യ തെളിവെടുപ്പ്. എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട ദിവസം റൗഫും പോപ്പുലർ ഫ്രണ്ട് നേതാക്കളും ഗൂഢാലോചന നടത്തിയ ഇടം. ആസൂത്രണത്തിനൊടുവിൽ പിറ്റേന്ന് മേലാമുറിയിലെ കടയിൽ കയറി മൂന്നംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി. ജില്ലാ ആശുപത്രിക്ക് പിന്നിലെ ഒഴിഞ്ഞ സ്ഥലത്തും കൊലയ്ക്ക് ശേഷം പ്രതികളെത്തി. 

 

റൗഫിന്റെ നേതൃത്വത്തിലായിരുന്നു ഇവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. റൗഫും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പതിവായി ഒത്തുകൂടിയിരുന്ന പുതുപ്പള്ളിത്തെരുവിലെ ഓഫിസിലും റൗഫുമായി എൻഐഎ സംഘമെത്തി. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ ഈ ഓഫിസ് പൊലീസ് സീൽ ചെയ്തിരുന്നു. പട്ടാമ്പിയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിലും ഗൂഢാലോചന നടന്ന വിവിധ ഇടങ്ങളിലും റൗഫിനെ എത്തിച്ച് തെളിവെടുക്കും. വിവിധ ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിലും ആക്രമണത്തിലും റൗഫിന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ എൻഐഎ ശേഖരിച്ചുവെന്നാണ് വിവരം.

ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന സംഘത്തലവൻ ഡിവൈഎസ്പി അനിൽ കുമാർ രാവിലെ റൗഫിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.