ഓൺലൈൻ തട്ടിപ്പു സംഘത്തിലെ പ്രധാനികളിലൊരാളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് പിടികൂടി. ജംതാര ജില്ലയിലെ ജംദേഹി സ്വദേശി കിഷോർ മഹതോ (22) ആണ് പിടിയിലായത്. ജംദേഹിയിൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രദേശവാസികൾ ചെറുത്തുനിന്നു. ഇതിനിടെ കാട്ടിലേക്ക് കടന്ന പ്രതിയെ ആയുധധാരികളായ ജാർഖണ്ഡ് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 26ന് മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയുടെ 2,49,997 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേരളത്തിൽ നടന്നിട്ടുള്ള ഒട്ടേറെ ഓൺലൈൻ തട്ടിപ്പുകളിൽ പ്രതിയാണ് അറസ്റ്റിലായ കിഷോർ മഹതോയെന്ന് പൊലീസ് പറഞ്ഞു. കെഎസ്ഇബി ബിൽ കുടിശികയുണ്ടെന്നും വൈദ്യുതി കണക്‌ഷൻ വിഛേദിക്കാതിരിക്കാൻ ഇതോടൊപ്പം നൽകുന്ന നമ്പറിൽ വിളിക്കാനും നിർദേശിച്ച് വാട്സാപ് നമ്പറിൽ നിന്നു അയച്ച സന്ദേശം വഴിയാണ് തട്ടിപ്പു തുടങ്ങിയത്.
നമ്പറിലേക്ക് വിളിച്ചപ്പോൾ കെഎസ്ഇബി സെൻട്രൽ ഓഫിസാണ് എന്ന് തമിഴ് കലർന്ന മലയാളത്തിൽ പരിചയപ്പെടുത്തിയ ശേഷം റിക്വസ്റ്റ് ഫോം എന്ന ലിങ്ക് മൊബൈലിലേക്ക് അയച്ച് കൊടുത്തു. ഇതുവഴി പരാതിക്കാരന്റെ ഫോണിൽ സ്ക്രീൻ ഷെയർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തയുടൻ പല തവണകളായി 2,49,997 രൂപ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നു മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന് പരാതി നൽകി.
സൈബർ ക്രൈം ജില്ലാ നോഡൽ ഓഫിസറായ ഡിവൈഎസ്പി സജിമോന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സൈബർ സെല്ലിലെ വിദഗ്ധരും ഉൾപ്പെട്ട സ്പെഷൽ ടീമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മഹതോ തട്ടിപ്പിനായി ഉപയോഗിക്കുന്നത് പല സംസ്ഥാനങ്ങളിൽ നിന്നായി സംഘടിപ്പിച്ച സിം കാർഡുകളും മൊബൈൽ ഫോണുകളും. ഓൺലൈനിലൂടെ എടുത്ത ഒട്ടേറെ ബാങ്ക് അക്കൗണ്ടുകളും ഉണ്ട്. ഫോൺ രേഖകൾ, ഇന്റർനെറ്റ് ഉപയോഗം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാൻ കാർഡ് - ആധാർ വിവരങ്ങൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റ് രേഖകളും പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.വിനോദിന്റെ നേതൃത്വത്തിൽ ജില്ലാ സൈബർ സെല്ലിൽ നിന്നു ഡി.സജികുമാർ, ബി.ബിജു, കെ.എസ്.സതീഷ്ബാബു എന്നിവരാണ് ജാർഖണ്ഡിലെത്തിയത്. വനമേഖലയിലൂടെ ഉൾപ്പെടെ 2,600 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പ്രതിയെ പിടികൂടിയത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശരത്ചന്ദ്രൻ, നെഹൽ എന്നിവരും ജില്ലാ സൈബർ സെൽ സേനാംഗങ്ങളും ഉൾപ്പെടുന്ന ടീമിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.