biju-property

ഇരിട്ടി: ഇസ്രയേലിൽ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ പേരട്ട കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെ കണ്ടെത്തുന്നതിനായും പഠന സംഘത്തിൽ ഉൾപ്പെട്ടതു സംബന്ധിച്ചും അന്വേഷണം ഊർജിതം. മന്ത്രിയുടെ ഓഫിസ് അടക്കം നൽകിയ നിർദേശ പ്രകാരം പായം കൃഷി ഓഫിസർ കെ.ജെ.രേഖ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഓൺലൈനായി ലഭിച്ച അപേക്ഷ പരിശോധിച്ചു കർഷകനാണെന്ന് ഉറപ്പു വരുത്തിയിരുന്നതായാണു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 

 

കിളിയന്തറയിലെ 2 ഏക്കറിൽ ടാപ്പ് ചെയ്യുന്ന റബർ മരങ്ങളുണ്ട്. കൂടാതെ തെങ്ങും കുരുമുളകു കൃഷിയുമുണ്ട്. പേരട്ട കെപി മുക്കിലെ 30 സെന്റ് പുരയിടത്തിൽ വാഴയും കമുകും ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൈവിധ്യമായ വിളകൾ കണ്ടുബോധ്യപ്പെട്ട ശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി. മൈസൂരുവിൽ ഉൾപ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി, വാഴ, ഇഞ്ചി കൃഷികൾ നടത്തിയ പാരമ്പര്യവും ബിജു കുര്യന് ഉള്ളതായി സുഹൃത്തുക്കൾ പറഞ്ഞു.

 

ഇസ്രയേലിൽ പോകാനുള്ള ആഗ്രഹം നേരത്തേ മുതൽ പ്രകടിപ്പിച്ചിരുന്നതായും ഇവർ സൂചിപ്പിച്ചു. അതേസമയം ബിജു കുര്യനെ കാണാതായതിൽ കുടുംബവും ദുഃഖത്തിലാണെന്ന് സഹോദരൻ ബെന്നി കുര്യൻ പറഞ്ഞു.

 

ഇസ്രയേലിൽ കാണാതായ കർഷകനെ കണ്ടെത്താൻ ശ്രമം തുടരുന്നതായി ബന്ധുക്കൾ

 

ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്നു കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടർച്ചയായി ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ല. സന്ദേശങ്ങൾക്കും മറുപടിയില്ല. അവസാനമായി ബിജു ഓൺലൈനിലുണ്ടായിരുന്നതും കഴിഞ്ഞ വ്യാഴാഴ്ചയാണ്. 

 

ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്നു സഹോദരൻ ബെന്നി പറഞ്ഞു. ഇസ്രയേലിൽ പോയാൽ തിരിച്ചുവരില്ലെന്നോ അവിടെത്തുടരാൻ പദ്ധതിയുണ്ടെന്നോ ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

അതേസമയം, കർഷകനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫിസർ കെ.ജെ.രേഖ പ്രിലിമിനറി റിപ്പോർട്ട് വകുപ്പിനു കൈമാറി. ബിജു കുര്യനെ ഇസ്രയേലിലേക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണു സമർപ്പിച്ചത്. കൃഷി ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി കൃഷിയിടം പരിശോധിച്ച ശേഷമാണ് ബിജുവിന്റെ അപേക്ഷ അംഗീകരിച്ചത്.