freezeaccount

ആലുവ മുപ്പത്തടത്ത് യുപിഐ പണമിടപാടിനെ തുടര്‍ന്ന് ഹോട്ടലുടമയുടെയും ഇടപാടുകാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഗുജറാത്ത് സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത് കേസില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നാണ് ബാങ്കിന്‍റെയും സൈബര്‍ സെല്ലിന്‍റെയും വിശദീകരണം. 

 

മുപ്പത്തടത്തെ ഹോട്ടലുടമ സിജോ ജോസ് പണമിടപാട് നടത്താന്‍ കഴിയാതെ വന്നതോടെ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം അറിയുന്നത്. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു മടങ്ങിയ ആരോ നടത്തിയ പണമിടപാടാണ് സിജോയ്ക്ക് തലവേദനയായത്.  സിജോയുടെ ഹോട്ടലിലേക്ക് കോഴി ഇറച്ചി വിറ്റ നൗഫലിനും, നവാസ് മുഹമ്മദിനും സമാന അനുഭവമുണ്ടായി. സിജോയില്‍നിന്ന് യു.പി.ഐ ഇടപാടുവഴി പണം സ്വീകരിച്ചതോടെ ഇവരുടെയും അക്കൗണ്ട് മരവിച്ചു. 

 

ഇവരുമായി പണമിടപാടുകള്‍ നടത്തിയ കൂടുതല്‍ ആളുകളുടെ അക്കൗണ്ടുകളും ഇത്തരത്തില്‍ മരവിച്ചു . ഡിജിറ്റല്‍ പണമിടപാട് തട്ടിപ്പുകള്‍ തടയുന്നതിനുള്ള നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍, പൊലീസ് എന്നിവര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ബാങ്കുകള്‍ വിശദീകരിച്ചതോടെ പരാതിയുമായി ഏത് രീതിയില്‍ മുന്നോട്ടുപോകണമെന്ന ആശങ്കയിലാണ് ഇടപാടുകാര്‍.