കണ്ണൂർ കുറുമാത്തൂർ കീരിയാട് കടവ് റോഡിലെ ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടിയതാണ് ഈ വേനലിൽ ഇവരുടെ കുടിവെള്ളം മുടങ്ങാൻ കാരണം. നിരന്തരം പരാതികൾ നൽകിയിട്ടും വാട്ടർ അതോറിറ്റി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം
കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡിലെ കീരിയാട് കടവ് റോഡിലെ ഇരുപതോളം കുടുംബങ്ങൾ വേനൽക്കാലത്ത് പൂർണമായും ജപ്പാൻ കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. ഇവിടുത്തെ 4 വീടുകളിൽ കിണർ ഉണ്ടെങ്കിലും വേനൽ കടുക്കുന്നതോടെ ഇവയിലും വെള്ളമില്ലാതാകും. കടുത്ത വേനൽക്കാലത്ത് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തിയിരുന്നെങ്കിലും വാട്ടർ അതോറിറ്റി ജല വിതരണം തുടങ്ങിയതോടെ അതു നിലച്ചു. പലയിടങ്ങളിലായി പൈപ്പ് പൊട്ടിയൊഴുകുന്നതാണ് കടവ് റോഡിലേക്ക് വെള്ളമെത്താതിന്റെ കാരണം.
നിരവധി തവണ ഫോൺ വഴിയും നേരിട്ടും നാട്ടുകാർ പരാതികൾ നൽകിയെങ്കിലും പൊട്ടിയ പൈപ്പ് ശരിയാക്കി ജലവിതരണം പുനസ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല. കിണറുകളിൽ ഒരാഴ്ച്ച ഉപയോഗിക്കാനുള്ള വെള്ളം പോലും ഇല്ലാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.