suresh-kumar-natives

സുരേഷ് കുമാർ പതിവ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെന്ന് പാലക്കയത്തെ നാട്ടുകാർ. അൻപത് രൂപയിൽ തുടങ്ങി എത്ര പണം കിട്ടിയാലും ചോദിച്ച് വാങ്ങുന്നതായിരുന്നു ശീലം. പണത്തിന് പകരം പുഴുങ്ങിയ കോഴിമുട്ടയും, തേനും, ജാതിക്കയും വരെ സ്വീകരിച്ചിരുന്നു. സുരേഷ് കൈക്കൂലി വാങ്ങുന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ലെന്നും തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പാലക്കയം വില്ലേജ് ഓഫീസർ പി.ഐ.സജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

 

പണം നൽകാത്തവർക്ക് സേവനമില്ലെന്ന അവസ്ഥ. ചെറിയ കാര്യത്തിന് പോലും ദിവസങ്ങളോളം കയറി ഇറങ്ങേണ്ടി വരും. പിന്നീട് പണം നൽകി രേഖ കൈപ്പറ്റേണ്ട സ്ഥിതിയിലെത്തിക്കും. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകിയിരുന്നു. ഫലമുണ്ടായില്ല. വാഹനമോടിക്കാൻ വശമില്ലാത്ത സുരേഷ് കുമാർ പരിശോധനയ്ക്ക് മുന്തിയ വാഹനങ്ങളിൽ മാത്രമായിരുന്നു യാത്ര. 2500 രൂപ പ്രതിമാസ നിരക്കിൽ മണ്ണാർക്കാട്ടെ ഒറ്റമുറി വാടക കെട്ടിടത്തിലായിരുന്നു താമസം. ബസ് മാര്‍ഗമായിരുന്നു ഓഫിസിലേക്കുള്ള വരവും പോക്കും. സുരേഷ് കുമാര്‍ പണം വാങ്ങുന്നയാളാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് പാലക്കയം വില്ലേജ് ഓഫിസര്‍. 

 

നിയമപ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തോട്ടഭൂമി ഉള്‍പ്പെടെ വേഗത്തില്‍ വില്‍പ്പന നടത്താന്‍ സഹായിച്ച് സുരേഷ് കുമാര്‍ ലക്ഷങ്ങള്‍ കൈമടക്ക് വാങ്ങിയിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.