കൊല്ലം പുനലൂരിൽ കല്ലടയാറിൻ്റെ തീരത്ത് ടൂറിസം വകുപ്പ് നിർമിച്ച പാർക്ക് കാടുകയറി നശിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓണത്തിന് തുറക്കാൻ വേണ്ടി മിനുക്കുപണികൾ നടത്തിയതാണ്. പണം പാഴായതല്ലാതെ നാളിതുവരെ നാടിന് പ്രയോജനപ്പെടില്ല.
പുനലൂർ കെഎസ്ആർടിസി ഡിപ്പോയുടെ പിന്നിൽ നിർമിച്ച പാർക്ക് കഴിഞ്ഞ മൂന്നു വർഷമായി തുറന്ന് കൊടുക്കാതെ കാടുമൂടി നശിക്കുകയാണ്. ഇഴജന്തുകളുടെ വിഹാരകേന്ദ്രമായി മാറിയെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓണത്തിന് പാർക്ക് തുറന്ന് നൽകുമെന്ന് അറിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ വർഷം ഓണത്തിന് തുറക്കാൻ വേണ്ടി അവസാനഘട്ട മിനുക്ക് പണികൾ നടത്തിയതാണ്. പക്ഷേ പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല.
അന്ന് മഴയെ തുടർന്ന് കല്ലടയാർ കരകവിഞ്ഞ് ഒഴുകി പാർക്ക് വെള്ളത്തിലായെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. മഴയും വെള്ളപ്പൊക്കവും കഴിഞ്ഞിട്ട് വീണ്ടും ഒരു വർഷം ആകുമ്പോൾ എന്ത് കൊണ്ട് പാർക്ക് തുറന്നില്ല എന്നതാണ് ചോദ്യം
പാർക്കിൽ എത്തുന്നവർക്ക് വെയിൽ കൊള്ളാതിരിക്കാൻ മേൽക്കൂരയോട് കൂടിയ വിശ്രമകേന്ദ്രം വരെ ഒരുക്കിയിട്ടുണ്ട്. കൂടാത നിരവധി ഉരിപ്പിടങ്ങളും വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. കല്ലടയാറിൻ്റെ നീരൊഴുക്ക് അടുത്തു നിന്ന് കാണുന്നതിനുള്ള പ്രത്യേക പവലിയനും കല്ലടയാറ്റിലിറങ്ങി കുളിക്കാൻ കുളിക്കടവും ഒഴുക്കിയിട്ടുണ്ട്. നടപ്പാതയിലൂടെ നടന്ന് തൂക്കുപാലത്തിൻ്റെ അടിഭാഗത്തെത്താനും സൗകര്യവുമുണ്ട്. ഇത്രയും സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും നാടിന് പ്രയോജനപ്പെട്ടിട്ടില്ല. ഓരോ വർഷവും അറ്റകുറ്റപ്പണിയുടെ പേരിൽ പണം ചെലവഴിക്കുന്നു. ടൂറിസം മന്ത്രി ഇടപെടണമെന്നാണ് ആവശ്യം