മുട്ടിൽ മരംമുറി കേസിൽ ഭൂവുടമകൾക്ക് പിഴ നോട്ടീസ് അയച്ച റവന്യു നടപടിക്കെതിരെ പ്രതിഷേധവുമായി സി.പി.എം.. റോജിയും കൂട്ടരും കർഷകരെ കബളിപ്പിച്ചു എന്ന പൊലീസ് കേസ് നിലനിൽക്കെയുള്ള റവന്യൂ നടപടി കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആരോപിച്ചു. റവന്യൂ നടപടിക്കെതിരെയുള്ള സി.പി.എം. പ്രതിഷേധം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
സാധാരണക്കാരായ ഭൂവുടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ മൂല്യമുള്ള ഈട്ടി മരങ്ങൾ തുച്ഛമായ വിലക്കാണ് തട്ടിപ്പുകാർ സ്വന്തമാക്കിയത്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള റവന്യൂ വകുപ്പിന്റെ പിഴ നടപടികളിൽ കബളിപ്പിക്കെപ്പെട്ട ഭൂവുടമകളെയും ഉൾപ്പെടുത്തിയതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കി വയനാട്ടിൽ പ്രതിഷേധ പരിപാടികൾ സി.പി.എം. പ്രഖ്യാപിക്കുന്നത്.
കർഷകരായ ഭൂവുടമകൾക്ക് പിഴ നോട്ടീസ് നൽകിയത് വഞ്ചനയാണ്. റോജിയും കൂട്ടരും കർഷകരെ കബളിപ്പിച്ചു എന്ന പൊലീസ് കേസിനെ ദുർബലപ്പെടുത്തുന്ന തരത്തിലാണ് റവന്യൂ നടപടി. യഥാർത്ഥ കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് ഉദ്യോഗസ്ഥർ നോട്ടീസിലൂടെ ചെയ്തതെന്ന് ജില്ലാ സെക്രട്ടറി ഗാഗാറിൻ പറഞ്ഞു. കർഷകരോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന സർക്കാരാണ് ഭരിക്കുന്നതെന്നും അതിന് തെറ്റായി വ്യാഖ്യാനിക്കുന്ന പിഴ നോട്ടീസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
cpm protested against revenue action
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.