സംസ്ഥാനത്തെ സാമൂഹിക സുരക്ഷ മിഷൻ ജില്ലാ കോർഡിനേറ്ററുമാരുടെ നിയമനത്തിൽ ക്രമക്കേട്. മൂന്ന് ജില്ലകളിലെ നിയമനത്തിലാണ് ക്രമക്കേട്. ഇവർക്ക് നിയമവിരുദ്ധമായാണ് ജോലി നൽകിയതെന്ന് 2020 ലെ വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല
കോഴിക്കോട്, പത്തനംതിട്ട, കാസർകോട് ജില്ല കോർഡിനേറ്റർമാരായ നിഷ മേരി ജോൺ, പ്രീത കുമാരി, ജിഷോ ജെയിംസ് എന്നിവരുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയത് 2020ലെ വകുപ്പ് തല അന്വേഷണത്തിൽ. ജിഷോ ജെയിംസ് നിലവിൽ മലപ്പുറം ജില്ല കോർഡിനേറ്ററാണ്. ഇവർ ജോലി ചെയ്യാതിരുന്ന കാലയളവിനെ മാനദണ്ഡങ്ങൾ മറികടന്ന് ഗവേണിങ് ബോഡിയിൽ ശൂന്യ വേതന അവധിയായി ക്രമീകരിച്ച് സീനിയോറിറ്റി അനുവദിച്ചുവെന്നാണ് കണ്ടെത്തൽ. തുടർന്ന് മൂന്ന് പേരുടെയും നിയമനം റദ്ദാക്കി ഉത്തരവിറങ്ങി. പിന്നാലെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2022 നവംബറിൽ തുടർ നടപടികൾ സ്വീകരിക്കാൻ സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർക്ക് അധികാരമുണ്ടെന്ന കോടതി ഉത്തരവ് പുറത്തിറങ്ങി. എന്നാൽ കൂടുതൽ അന്വേഷണം നടത്താതെ ഇവരെ ജോലി തുടരാൻ അനുവദിക്കുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിൽ അയോഗ്യരാണെന്ന് കണ്ടെത്തിയവർ അതേ ചുമതലയിൽ എങ്ങനെ തുടരുന്നുവെന്നാണ് ഉയരുന്ന ചോദ്യം. ഇതിൽ സാമൂഹിക സുരക്ഷ മിഷൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.