icgs-samar

കോസ്റ്റ് ഗാർഡിന്റെ പ്രഥമ തദ്ദേശ നിർമിത അഡ്വാൻസ്ഡ് ഓഫ്ഷോർ പട്രോൾ വെസൽ ഐസിജിഎസ് സമർ ഡി–കമ്മിഷൻ ചെയ്തു. ഫോർട്ട്കൊച്ചിയിലെ കോസ്റ്റ്ഗാർഡ് ജെട്ടിയിൽ നടന്ന ചടങ്ങിലായിരുന്നു ഡി കമ്മീഷനിങ്. ഇതോടെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനും തിരശീലവീണു.

ഗാർഡ് പരേഡോടെ വൈകിട്ട് ഡി കമ്മിഷനിങ് ചടങ്ങുകൾക്കു തുടക്കം. 6.01ന് കപ്പലിലെ ദേശീയപതാക, കോസ്റ്റ്ഗാർഡ് പതാക, കമ്മിഷനിങ് പെന്റന്റ് എന്നിവ സൈനികാചാരപ്രകാരം അഴിച്ചു മാറ്റി. കോസ്റ്റ്ഗാർഡ് പതാക കപ്പലിന്റെ കമാൻഡിങ് ഓഫിസർ ഡിഐജി ആർ.രമേഷിന് കൈമാറി.

അഡിഷനൽ ഡയറക്ടർ ജനറൽ എസ്.പരമേഷ് ചടങ്ങിൽ മുഖ്യാതിഥിയായി. ഗോവ ഷിപ്‌യാഡിൽ നിർമിച്ച സമർ 1996 ഫെബ്രുവരി 14ന് അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവാണു കമ്മിഷൻ ചെയ്തത്. കടൽവിഭവങ്ങളുടെ സംരക്ഷണം, കള്ളക്കടത്തു തടയൽ, രക്ഷാപ്രവർത്തനങ്ങൾ, നിരീക്ഷണം തുടങ്ങിയ മേഖലകളിലാണു സമർ ഉപയോഗിച്ചത്.