Credits: facebook.com/surajofficialpage
ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് അവഗണിച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്യും. കൊച്ചി പാലാരിവട്ടത്ത് കഴിഞ്ഞ ജൂലൈ 29നുണ്ടായ അപകടത്തില്‍ മൂന്നുവട്ടം നോട്ടിസ് നല്‍കിയിട്ടും സുരാജ് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി
ഡ്രൈവിങ് ലൈസന്‍സ് സിനിമയിലെ ഈ ഡയലോഗ് ഇപ്പോള്‍ സുരാജിനെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ് . നിയമം അത് എല്ലാവര്‍ക്കും ഒരുപോലെ തന്നെ. അത് നാടറിയുന്ന നടനായാലും വെറും നാട്ടുകാരനായാലും. സിനിമയിലേതുപോലെ നിന്നനില്‍പ്പില്‍ നടപടിയൊന്നുമായിരുന്നില്ല. നീണ്ട എട്ടുമാസം മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കാത്തു നിന്നു. ശിക്ഷയൊഴിവാക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഒന്നല്ല മൂന്ന് നോട്ടിസും നല്‍കി. മറുപടിയുണ്ടാകാത്തിനാലാണ് ഇപ്പോള്‍ നടപടി .
കഴിഞ്ഞവർഷം ജൂലൈ 29 നാണ് പാലാരിവട്ടത്ത് സുരാജ് ഒാടിച്ച കാര്‍ ബൈക്കില്‍ തട്ടിയത് , മഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ കാല്‍വിരലിന്റെ എല്ലില്‍ പൊട്ടലുണ്ടായി. കാര്‍ അമിതവാഗതത്തിലായിരുന്നെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നോട്ടിസുകളോട് നടന്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം.
Actor Suraj Venjaramood's license will be suspended