ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.നിഷാമിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് സഹോദരങ്ങൾ നൽകിയ പരാതിയിലാണ് അന്വേഷണം.
മുഹമ്മദ് നിഷാമിന്റെ സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ്,ബിസിനസ് പങ്കാളി ബഷീർ അലി എന്നിവർ ഡിജിപി ലോക്നാഥ് ബെഹറയെ നേരിട്ട് കണ്ട് പരാതി നൽകിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഗുണ്ടകൾക്ക് നിഷാം സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് രേഖകൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.ഇപ്പോൾ ജയിലിൽ കഴിയുന്ന രണ്ട് ഗുണ്ടകളുടെ ബന്ധുക്കൾക്ക് നിഷാമിന്‍റെ ഓഫീസിൽ നിന്ന് പണം നൽകിയെന്നാണ് സഹോദരങ്ങൾ പറയുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ക്രൈം ബ്രാഞ്ച് പരാതിയിൽ അന്വേഷണം ആരംഭിച്ചു.നിഷാമിന്‍റെ സഹോദരങ്ങളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജീവൻ അപകടത്തിലാണെന്നും സുരക്ഷയൊരുക്കണമെന്നും ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയിലും ഹർജി നൽകി. കണ്ണൂർ ജയിലിൽ നിന്ന് പൂജപ്പുരയിലേക്ക് മാറ്റണമെന്ന ആവശ്യവും ജയിൽ അധികൃതരോട് നിഷാമിന്‍റെ സഹോദരങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.