nirmal-krishna-case

തിരുവനന്തപുരം പാറശാലയിലെ നിർമൽ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നത ബെനാമി ഇടപെടലിന്റെ കൂടുതൽ തെളിവുകൾ തമിഴ്നാട് പൊലീസിന് ലഭിച്ചു. ബാങ്ക് പൂട്ടും മുൻപ് നാനൂറ് കോടിയോളം രൂപ ബെനാമികളുടെ പേരിലേക്ക് മാറ്റിയതായാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയത്. മലയാളികളടക്കമുള്ള ബെനാമികളെ ചോദ്യം ചെയ്യാനും ശ്രമം തുടങ്ങി. 

 

പതിനായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി അറുന്നൂറ് കോടിയലേറെ രൂപ വാങ്ങിയ ശേഷം പാറശാലയിലെ നിർമൽ കൃഷ്ണ ബാങ്ക് പൂട്ടുന്നത് സെപ്തംബർ ഏഴിനാണ്. പൂട്ടുന്നതിന് മുൻപുള്ള എട്ട് മാസത്തെ ബാങ്കിലെയും ഉടമ കെ.നിർമലന്റെയും ധന ഇടപാടുകൾ പരിശോധിച്ചതിൽ നിന്നാണ് ബെനാമി ഇടപാടിന്റെ വ്യക്തമായ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ഏകദേശം നാനൂറ് കോടിയോളം വിലമതിക്കുന്ന പണവും വസ്തുക്കളും ഈ മാസങ്ങൾക്കിടെ നിർമലൻ വിവിധയാളുകളുടെ പേരിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

 

ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളെ കൂടാതെ അപരിചിതരായ ഏതാനും പേരുടെ പേരിലേക്കും സ്വത്തുക്കൾ മാറ്റിയിട്ടുണ്ട്. ബാങ്ക് പൂട്ടുന്നതിന് പോലും കാരണമായ ഈ കൈമാറ്റങ്ങൾ ബെനാമി ഇടപാടെന്നാണ് തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത്തരത്തിൽ ഇടപാടുകൾ നടത്തിയവരെ സമൻസ് അയച്ച് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. എന്നാൽ നിർമലൻ ഇത്തരം ഇടപാടുകളേക്കുറിച്ച് കൃത്യമായ മറുപടി നൽകാത്തത് ചോദ്യം ചെയ്യലിന് തടസമാകുന്നുണ്ട്. അതേസമയം പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ നിർമലനെ മധുര ജയിലിലേക്ക് മാറ്റി.