soumya-police

അതിനാടകീയമായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും കൊടുംക്രൂരതയുടെ സൂത്രധാര കുലുങ്ങാതെ നിന്നു. ആശുപത്രിയില്‍ നിന്ന് പൊലീസെത്തി കൂടെക്കൂട്ടുമ്പോഴും ചിരിയോടെ നിന്ന അതേ ഇരുപത്തിയെട്ടുകാരി. ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സംഘമെത്തി. അവരുടെ മുന്നിലും ആദ്യം പിടിവീഴാതെയുള്ള ഉത്തരങ്ങളായിരുന്നു സൗമ്യയുടേത്. പിന്നാലെയാണ് അയയാന്‍ തുടങ്ങിയത്. എഎസ്പി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തില്‍ ചോദ്യങ്ങള്‍ കര്‍ക്കശമായതോടെ സൗമ്യയുടെ ക്ഷമ കെട്ടുതുടങ്ങി. കരുതിവെച്ച ഉത്തരങ്ങളും തീര്‍ന്നതോടെ കേരളം ഞെട്ടിയ സത്യത്തിലേക്ക് പതിയ സൗമ്യ എത്തിത്തുടങ്ങി.  

വര്‍ഷങ്ങള്‍ നീണ്ട തന്ത്രങ്ങളായിരുന്നു സൗമ്യയുടേത്. ആ തന്ത്രങ്ങളെ വീഴ്ത്താന്‍ ദിവസങ്ങളായുള്ള ഒരുക്കം പൊലീസും നടത്തി. സൗമ്യയുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ സൗമ്യയുമായി പരിചയവും അടുപ്പവും പുലര്‍ത്തിയ പലരും സമാന്തരമായി ചോദ്യം ചെയ്യപ്പെടുന്നുണ്ടായിരുന്നു. പലപ്പോഴായി പലരെയും റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. സൗമ്യക്ക് കാര്യമായ അസുഖം ഇല്ലെന്നു മനസ്സിലാക്കിയ പൊലീസ് തന്ത്രപൂർവം അവരെ ആശുപത്രി ഐസിയുവിലാക്കി സുരക്ഷിതമാക്കുകയും പുറത്തു തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിൽ ഏർപ്പെടുകയുമായിരുന്നു. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യയുടെ കൂസലില്ലായ്മയാണ് പൊലീസിനെ അമ്പരപ്പിച്ചത്.   

Read more at: കൃത്യമായ തിരക്കഥ; സൗമ്യയുടെ ക്രൂരതയ്ക്ക് പിന്നില്‍ രണ്ട് യുവാക്കളെന്നും മൊഴി 

കഴിഞ്ഞ ജനുവരിയിൽ രാത്രിയിൽ സൗമ്യയുടെ വഴിവിട്ട ജീവിതം മകൾ ഐശ്വര്യ കാണാനിടയാവുകയും ഇതേത്തുടർന്നു സൗമ്യ മകളെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോഴാണു കുട്ടിക്ക് അസുഖമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് കൊലപാതകമാണെന്നു പിടിക്കപ്പെടാതായതോടെ മാതാപിതാക്കളെയും ഇതേവഴിക്കു കൊലപ്പെടുത്തുകയായിരുന്നെന്നാണു സൗമ്യ പൊലീസിനോടു പറഞ്ഞത്.

സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടർന്ന് ഒരാഴ്ച മുൻപ് സൗമ്യ തലശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പരിശോധനയിൽ സൗമ്യക്കു പ്രശ്നങ്ങളില്ലെന്നു പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.‌ 

മാതാപിതാക്കളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് പരിശോധിച്ചു. പരിശോധനാ ഫലത്തിലും പ്രശ്നങ്ങൾ കണ്ടതോടെ പൊലീസ് ഉറപ്പിച്ചു. ഇതു കൊലപാതകമാണെന്ന്. 

കാമദാഹത്തിനായി കുരുതി: ആറ്റിങ്ങൽ ഇരട്ടക്കൊലയും പിണറായി കൂട്ടക്കൊലയും സാമ്യതകൾ ഏറെ