ക്ലീനറായി ജോലിചെയ്തിരുന്ന ചരക്കുലോറിയുമായി മുങ്ങിയ പതിനാലു വയസുകാരൻ ഒടുവിൽ പിടിയിലായി. ഹരിയാനയിൽ നിന്നാണ് ഇൗ പയ്യന്റെ അസാധാരണ യാത്ര. ലോറിയുമായി ഇൗ കുട്ടി കറങ്ങിയത് രണ്ടുദിവസമാണ്. ഏകദേശം 138 കിലോമീറ്ററർ ദൂരം ഇൗ പതിനാലുവയസുകാരൻ ലോറിയുമായി പിന്നിട്ടു. ഒടുവിൽ ഉത്തർപ്രദേശിലെ ഹത്രാസിൽ വച്ചാണ് കുട്ടിയെ പിടികൂടുന്നത്.
ലോറിയുടെ ഡീസൽ തീർന്നതോടെയാണ് കുട്ടി പിടിയിലാകുന്നത്. ലോറിയിലെ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്ന സ്‌റ്റെപ്പിനി ടയര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പയ്യനെ പിടികൂടിയത്. പതിനാലു ലക്ഷം രൂപ വില വരുന്ന ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യൻ തട്ടികൊണ്ടുപോയത്. വഴിയരികിൽ ഡ്രൈവര്‍ വാഹനം നിർത്തിയപ്പോഴായിരുന്നു ലോറിയുമായി പയ്യൻ കടന്നുകളഞ്ഞത്. ആകെ നൂറു രൂപമാത്രമായിരുന്നു അപ്പോൾ ഇവന്റെ കൈവശം ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.
ലോറിയിൽ ക്ലീനറായി ജോലി ചെയ്യുന്നതില്‍ നിന്ന് ലഭിക്കുന്ന അയ്യായിരം രൂപ ജീവിതചെലവിന് പോലും തികയാത്തതു കൊണ്ടാണ് ഇത്തരത്തിലൊരു മോഷണത്തിന് ശ്രമിച്ചതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു. അച്ഛന്റെ മരണത്തെ തുടര്‍ന്ന് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം തേടിയായിരുന്നു ഇൗ നീക്കം. മോഷ്ടിച്ച ലോറിയും ചരക്കും മാലാവാൻ എന്ന സ്ഥലത്ത് എത്തിച്ച് വിൽക്കാനായിരുന്നു ഇവന്റെ ശ്രമം. പക്ഷേ 138 കിലോമീറ്റർ ദൂരം വണ്ടിയോടിച്ചിട്ടും പതിനാലുകാരൻ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല എന്നതും ശ്രദ്ധേയം.