കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്ററിനോട് ചേര്‍ന്നുള്ള മുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയതില്‍ അന്വേഷണം പ്രതിസന്ധിയില്‍. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വെള്ളയില്‍ പൊലീസിന്റെ വിശദീകരണം. അതേസമയം അഡിഷനല്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ ജീവനക്കാരില്‍ നിന്ന് രണ്ടാംവട്ടവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ടിനാണ് ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ നിന്ന് മൊബൈല്‍ ക്യാമറ കണ്ടെടുത്തത്. പുരുഷ ജീവനക്കാരന്‍ മാറ്റിയിട്ട വസ്ത്രത്തിനുള്ളില്‍ ക്യാമറ പ്രവര്‍ത്തിക്കുന്ന നിലയിലായിരുന്നു. ജീവനക്കാരിയുടെ പരാതി ആശുപത്രി സൂപ്രണ്ട് വെള്ളയില്‍ പൊലീസിന് കൈമാറി. മൊബൈല്‍ ഫോണും പരിശോധനയ്ക്കായി ഏല്‍പ്പിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉടമയായ ജീവനക്കാരന്‍ തനിക്കൊന്നും അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. യാതൊരു ദൃശ്യവും ക്യാമറയിലില്ലെന്നും അബദ്ധത്തില്‍ പ്രവര്‍ത്തിച്ചതായിരിക്കുമെന്നും അദ്ദേഹം വാദിക്കുന്നു.
പരാതിക്കാരി സൂപ്രണ്ടിനോട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പൊലീസില്‍ മൊഴി നല്‍കാന്‍ ഇതുവരെയെത്തിയിട്ടില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് ഡി.എം.ഒയും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡിഷനല്‍ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ ജീവനക്കാരില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.