വിവരാവകാശ അപേക്ഷ നൽകി ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതിയിൽ എസ്എഫ്ഐ മുൻ നേതാവിനെതിരെ പൊലീസ് കേസ്. കൊച്ചിയിൽ ജിസിഡിഎ ചെയർമാന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയായ ആലുവ മുൻ ഏരിയ സെക്രട്ടറി കെ.പി. ധനീഷിനെതിരെയാണ് പുതിയ കേസ്. പീഡനക്കേസിൽ രണ്ടാഴ്ച മുൻപ് ആദ്യം അറസ്റ്റിലായ ധനീഷ് ഇപ്പോൾ റിമാൻഡിലാണ്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായി അറസ്റ്റിലായ ശേഷമാണ് കെപി ധനീഷിന്റെ പേരിലുള്ള പരാതികൾ ഒന്നൊന്നായി പുറത്തുവരുന്നത്. സിപിഎം ആലുവ ഏരിയ സെക്രട്ടറിയും ജിസിഡിഎ ചെയർമാനുമായ വി സലീമിനെ പരിചയപ്പെടുത്തി നൽകിയ ശേഷം കരാർ ജോലികൾ തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി 30 ലക്ഷം തട്ടാൻ ശ്രമിച്ചു; നടക്കാതെ വന്നപ്പോൾ ഭീഷണിയായി.
ഇതിന്റെ പേരിലായിരുന്നു എറണാകുളം സെൻട്രൽ പോലീസ് രണ്ടാംകേസ് രജിസ്റ്റർ ചെയ്തത്. ഒരാഴ്ചക്കുള്ളിൽ അടുത്ത കേസ് പെരുമ്പാവൂർ പോലീസ് എടുത്തതും ഭീഷണിപ്പെടുത്തി പണം തട്ടിയതിന്. പെരുമ്പാവൂർ സ്വദേശിയായ ഇറിഗേഷൻ എൻജിനീയർ എഎൻ രാജന്റെ രണ്ട് പെണ്മക്കളുടെ വിവാഹങ്ങൾ അടുത്തടുത്ത് നടത്താൻ നിശ്ചയിച്ചതിന് തൊട്ടുപിന്നാലെയാണ് വിജിലൻസിൽ പരാതി പരാതി നൽകാതിരിക്കാൻ 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ധനീഷ് ബന്ധപ്പെട്ടത്. ഇതിന് മുൻപെ രാജനെ വ്യക്തിപരമായി പരാമര്ശിച്ചുള്ള വിവരാവകാശ അപേക്ഷകൾ ഓഫിസിൽ നൽകിയിരുന്നു. 2013ൽ ധനീഷ് എസ്എഫ്ഐയുടെ ആലുവ ഏരിയ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ വിവാഹം തടസ്സപ്പെടാതിരിക്കാൻ പാർട്ടി ഏരിയ സെക്രട്ടറി വി സലീമിനെ ഓഫീസിൽ ചെന്നുകണ്ടു. ഈ സമയം ധനീഷും പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.
മേലിൽ പ്രശ്നം ഉണ്ടാകില്ലെന്ന് സലിം നൽകിയ ഉറപ്പ് വിശ്വസിച്ചു മടങ്ങിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭീഷണിയുമായി വീണ്ടും ധനീഷ് ബന്ധപ്പെട്ടു. മക്കളുടെ വിവാഹത്തിന് ഏതാനും ദിവസം ബാക്കിനിൽക്കെ എന്തെങ്കിലും അസ്വരസ്യം ഉണ്ടാക്കുമെന്ന് ഉറപ്പായപ്പോൾ നാലു തവണയായി ഒൻപതേകാൽ ലക്ഷം രൂപ കൊടുക്കേണ്ടി വന്നു.
പിന്നീടും പണം ചോദിച്ചും,, സമാനമായ വിധത്തിൽ ഭീഷണിക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി കൊടുക്കാൻ ആവശ്യപ്പെട്ടും നിരന്തരം വിളികൾ വന്നിരുന്നു. 2015ൽ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും പാർട്ടി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന ധനീഷിന്റെ ഭീഷണി കാരണമാണ് പോലീസിനെ സമീപിക്കാൻ തയാറാകാതിരുന്നതെന്ന് പരാതിക്കാരൻ മനോരമ ന്യൂസിനോട് പറഞ്ഞു.