വയനാട് കമ്പളക്കാട് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. രണ്ടാമത്തെ ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ വഴിയാണ് പൊലീസ് വിവരം അറിയുന്നത്. പ്രതിയെ കല്‍പറ്റ പോക്സോ കോടതി റിമാന്‍റ് ചെയ്തു.
രണ്ട് വിവാഹം കഴിച്ചയാളാണ് പ്രതി. രണ്ടാമത്തെ ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ ദിവസങ്ങളോളം പീഡിപ്പിച്ചത്. ആദ്യഭാര്യയിലും പ്രതിക്ക് കുട്ടികളുണ്ട്. 2017 മുതല്‍ 2018 ഡിസംബര്‍ വരെ പലദിവസങ്ങളിലായി വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു പീഡനം. ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യങ്ങള്‍ അധ്യാപികയോട് സൂചിപ്പിച്ചത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കമ്പളക്കാട് പൊലീസ് പെണ്‍കുട്ടിയുടെ വിശദ മൊഴിയെടുത്തു. പോക്സോ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു.
കല്‍പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തില്‍ നിന്നും പൂര്‍ണമായും മുക്തയായിട്ടില്ല. നിലവില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.