മലപ്പുറം പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. മണ്ണഴി പൊന്നൂത്ത് വീട്ടിൽ അനസാണ് രക്ഷപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം പിടിയിലായത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ തള്ളിയിട്ട് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
ഇന്നലെ രാത്രിയാണ് അനസ് അറസ്റ്റിലായത്. ഇയാളുടെ കാറിന് നമ്പർ പ്ളേറ്റ് ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിൽ വ്യാജസീൽ നിർമാണം നടത്തുന്നതായി മനസിലായി. തുടർന്ന് അനസിന്റെ വീട് റെയ്ഡ് ചെയ്ത് വ്യാജ സീലുകൾ പിടിച്ചെടുത്തു. നിരവധി പേരെ വ്യജ സീലും രേഖകളും ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയതായി പൊലീസ് പറയുന്നു. ഇന്നു പുലർച്ചെയാണ് ഇയാൾ സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുന്നത്. സ്റ്റേഷനകത്ത് വച്ച് തന്നെ അനസ് വിദഗ്ധമായി തന്റെ കാറിന്റെ താക്കോൽ കൈക്കലാക്കിയിരുന്നു. മിന്നൽ വേഗത്തിൽ വനിതാ പൊലീസിനെ തള്ളിമാറ്റി പുറത്തു കടന്ന ഇയാൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഊർജിതമായി നടന്ന തിരച്ചിലിലാണ് അനസ് വീണ്ടും പിടിയിലാകുന്നത്.