thodupuzha-child-attack-4

 

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍  വാങ്ങും. കുട്ടികള്‍ക്കൊപ്പം അമ്മയേയും അരുണ്‍ ആനന്ദ് മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ കണ്ടെത്തിയതായി  പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. 

 

യുവതിയെ വൈദ്യപരിശോധനക്ക ്വിധേയമാക്കിയപ്പോഴാണ് അടിയേറ്റതിന്‍റെ പാടുകള്‍  കണ്ടെത്തിയത്.  വടികൊണ്ട് അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ ശരീരത്തിലുണ്ട്.  ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. 

 

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇതുവരെ കോടതി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ മര്‍ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.

 

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്‍റെ ആവശ്യം നാളെ  കോടതി പരിഗണിക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. ഇവിടത്തെ തടവുകാരിൽ നിന്ന്  ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. ഇളയ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട്  യുവതിയുടെ ഭര്‍തൃപിതാവ് നല്‍കിയ അപേക്ഷയില്‍ ഇതുവരെ  തീരുമാനം എടുത്തിട്ടില്ല.