bala-car-1

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട കാര്‍ ക്രൈംബ്രാഞ്ച് വീണ്ടും ശാസ്ത്രീയമായി പരിശോധിക്കും. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ പുനഃപരിശോധിച്ചു. വിവിധ വിഭാഗത്തിലുള്ള വിദഗ്ധരെ സ്ഥലത്തെത്തിക്കാനും ക്രൈംബ്രാഞ്ച് നടപടി തുടങ്ങി.

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയത് സ്വാഭാവിക അപകടമല്ലെന്നും ആസൂത്രിതമാണെന്നും അദേഹത്തിന്റെ പിതാവ് അടക്കമുള്ളവര്‍ക്ക് സംശയമുണ്ട്. നിലവിലുള്ള അന്വേഷണത്തില്‍ ഇതിന്റെ സാധ്യതകളൊന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. എങ്കിലും എല്ലാ സാധ്യതകളും ആവര്‍ത്തിച്ച് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ശാസ്ത്രീയ തെളിവുകളുടെ പുനപരിശോധനയെന്ന അപൂര്‍വ അന്വേഷണത്തിലേക്ക് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം കടന്നിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഫൊറന്‍സിക് സംഘത്തെ വീണ്ടും സ്ഥലത്തെത്തിച്ചു തെളിവ് ശേഖരിച്ചു. 

അപകടത്തിനിടയായ കാര്‍ സൂക്ഷിച്ചിരിക്കുന്ന മംഗലപുരം പൊലീസ് സ്റ്റേഷനിലും അപകടം നടന്ന പള്ളിപ്പുറത്തുമാണ് സംഘമെത്തിയത്. വാഹനത്തിലെ സീറ്റ് ബെല്‍റ്റ് അടക്കമുള്ള ഓരോ ഉപകരണങ്ങളുടെ അവസ്ഥയും കേടുപാടുകളും പുനപരിശോധിക്കും. ഇതിന് ശേഷം ഫോറന്‍സിക് സംഘത്തിനൊപ്പം മോട്ടോര്‍ വാഹനവകുപ്പ്, ഡോക്ടര്‍മാരുടെ സംഘം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരെ ഒരുമിച്ച് അപകടസ്ഥലത്തെത്തിച്ച് അഭിപ്രായം തേടാനും ആലോചിക്കുന്നുണ്ട്. 

നേരത്തെ തന്നെ അപകടം പുനരാവിഷ്കരിച്ചിരുന്നെങ്കിലും ഇവരുടെ സാന്നിധ്യത്തില്‍ വീണ്ടും രംഗങ്ങള്‍ ആവര്‍ത്തിച്ച് പരിശോധിക്കാനും പദ്ധതിയുണ്ട്. അപകടത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത നീക്കമുണ്ടോയെന്ന് ഇതോടെ വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.