rishi-raj-singh

ജയില്‍പുള്ളികള്‍ക്ക് മൊബൈലും കഞ്ചാവും ലഭിക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദേശവുമായി ജയില്‍ മേധാവി ഋഷിരാജ് സിങ്. കോടതിയിലേക്കടക്കം തടവുകാരെ പുറത്ത് കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പൂര്‍ണമായി നടപ്പാക്കും. കേടായ മുഴുവന്‍ സി.സി.ടി.വി ക്യാമറകളും പുനസ്ഥാപിക്കാന്‍ നിര്‍ദേശിച്ചെന്നും ഇനിയും മൊബൈല്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയായി കാണുമെന്നും ഋഷിരാജ് സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. 

 നാല് ദിവസമായി തുടരുന്ന പരിശോധനയില്‍ ജയിലുകളില്‍ നിന്ന് പതിനഞ്ച് മൊബൈല്‍ ഫോണും കഞ്ചാവുമടക്കം ഒട്ടേറെ നിരോധിത വസ്തുക്കള്‍ കണ്ടെടുത്തു. കോടതിയിലുള്‍പ്പെടെ പുറത്ത് പോകുമ്പോഴാണ് തടവുകാര്‍ക്ക് ഇവ ലഭിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതിനാല്‍ അത്തരം യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ആഗ്സ്റ്റ് മാസത്തോടെ എല്ലാ ജയിലിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നടപ്പാക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം.

തടവുകാരെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകള്‍ ഭൂരിഭാഗം ജയിലിലും പ്രവര്‍ത്തനരഹിതമാണെന്ന് മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. ഇവ പുനസ്ഥാപിച്ച് 427 ക്യമാറകള്‍ എല്ലാ ജയിലിലുമായി സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഇനിയും തടവുകാര്‍ മൊബൈലും മറ്റും ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും.

വിയ്യൂരിലെ അതിസുരക്ഷാ ജയിലും പാലക്കാട് ജില്ലാ ജയിലും ഉടന്‍ തുടങ്ങാനും തീരുമാനിച്ചു.