ആറ്റിങ്ങലില്‍ ഇതരസംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ബംഗാളിയും കൊല്ലപ്പെട്ട ബിമല്‍ബാറയുടെ സുഹൃത്തുമായ ഹുസൈൻ ഒറോണാണ് പിടിയിലായത്. ഇന്ത്യ ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമത്തിലെ തേയിലത്തോട്ടത്തില്‍ രൂപമാറ്റം വരുത്തി ജോലി ചെയ്യ്തുവരികയായിരുന്നു പ്രതി പണത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
2019 മാർച്ച് പത്താം തീയതി രാത്രി ആയിരുന്നു കൊലപാതകം നടന്നത്. ആറ്റിങ്ങല്‍ പൂവൻപാറയിൽ ഹോളോബ്രിക്സ് കമ്പനിയിലെ ജീവനക്കാരനായ ബിമൽ ബാറയെ കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാൻ ഉള്ള ശ്രമവും നടന്നിരുന്നു. കൊലപാതകത്തിനുശേഷം മൊബൈൽ ഫോണും പണവും അപഹരിച്ച് പ്രതി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രതി ബംഗാളിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അങ്ങോട്ടേക്ക് തിരിച്ചു.
കേരളത്തിലേക്ക് ജോലിക്കായി ആളെ എടുക്കുന്ന റിക്രൂട്ടിംഗ് ഏജൻസി എന്ന വ്യാജേനയാണ് അന്വേഷണ സംഘം ബംഗാളിൽ എത്തിയത്. ഒടുവില്‍ പ്രതിയെ ഇന്ത്യാ - ഭൂട്ടാൻ അതിർത്തി ഗ്രാമമായ ജെയ്ഗോണിലെ മക്രാപ്പട എന്ന സ്ഥലത്തുനിന്നും വിദഗ്ധമായി പിടികൂടുകയായിരുന്നു. ബന്ധുവിന്റെ കൂടെ തേയില തോട്ടത്തിൽ ജോലി നോക്കി വരുകയായിരുന്നു പ്രതി. പിടിയിലാകാതിരിക്കാനായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. തിരിച്ചറിയാതിരിക്കാനായി രൂപമാറ്റവും വരുത്തിയിരുന്നു. അന്വേഷണ സംഘം ഒരാഴ്ച സ്ഥലത്ത് താമസിച്ച് നടത്തിയ വിദഗ്ദമായ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.